മലർന്നു കിടന്നു സ്വന്തം മാറത്ത് തുപ്പുന്ന പൊറോട്ടു നാടകം തൊടുപുഴയിൽ ;സിപിഐ(എം) രാഷ്ട്രീയത്തെ അപഹാസ്യവും പരിഹാസ്യവുമാക്കുന്നു.
വികസന വീക്ഷണങ്ങളും ചർച്ചകളും ഇല്ലാത്തതും, അഴിമതിയും ,കേവലവാഗ്വാദങ്ങളും, മുദ്രാവാക്യം വിളികളുമായി അധഃപതനം നേരിട്ട അവസ്ഥയിലാണ് കേരളത്തിലെ മിക്കവാറും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. മികച്ച രീതിയിൽ പ്രവർത്തിക്കുവാൻ സാധിക്കുന്ന വ്യക്തികൾക്ക് ഇത്തരം തെരഞ്ഞെടുപ്പുകളിൽ മൽസരിക്കുവാനോ, സ്വന്തം ജീവിതം ജനസേവനത്തിനായി ഉപയോഗപ്പെടുത്തുവാനോ, നാട്ടിലെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ അനുവദിക്കുന്നില്ല എന്ന് യാഥാർഥ്യബോധവും മനസ്സിലാക്കേണ്ടതുണ്ട്.
തൊടുപുഴയിലെ കൂറുമാറ്റ വസന്തം ....
അനിതരസാധാരണമായ കൂറുമാറ്റങ്ങൾക്കാണ് തൊടുപുഴ നഗരസഭ 2020 ൽ സാക്ഷ്യം വഹിച്ചത്. 11ആം ഡിവിഷൻ ആയ കാരൂപ്പാറ വാർഡ് പ്രദേശവാസിയും, കോൺഗ്രസ് നേതാവുമായ ഷിബിലി സാഹിബിന് യുഡിഎഫ് സീറ്റ് നിഷേധിക്കുകയും, തുടർന്ന് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ പിന്തുണയോടെ ഇപ്പോഴത്തെ മുനിസിപ്പൽ ചെയർപേഴ്സൺ സനീഷ് ജോർജ്ജ് മൽസരിച്ചു ജയിക്കുകയുമായിരുന്നു. പ്രസ്തുത തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിക്ക് ലഭിച്ചതിനേക്കാൽ മൂന്നിരട്ടി വോട്ടുകളാണ് കോൺഗ്രസ് വിമതനായ സനീഷ് നേടിയത്. എന്നാൽ തൊടുപുഴ നഗരസഭയിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, പിന്നീട് കാണുന്നത് രാഷ്ട്രീയ കുതിരക്കച്ചവടം ആണ്. 9 ആം ഡിവിഷൻ ആയ പെട്ടേനാട് വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർഥി ആയി വിജയിച്ച ജെസ്സി ജോണി നെടുംകല്ലേലിനെ ഒപ്പം കൂട്ടി സിപിഐ(എം) തൊടുപുഴ നഗരസഭ ഭരണം നേടിയെടുത്തു. ഈ ധാരണയിൽ സനീഷ് ജോർജ്ജ് ചെയർപേഴ്സൺ ആവുകയും, ജെസ്സി ജോണി നെടുംകല്ലേൽ വൈസ് ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ പതിനൊന്നാം വാർഡ് കല്ലുമാരിയിൽ നിന്നും വിജയിച്ച യു .ഡി ,എഫിലെ ടി .ജെ .മാത്യുവിനെ എം .എം .മണി പാർട്ടി ഓഫിസിൽ വച്ച് ചുമന്ന കൊടി നൽകി പാർട്ടിയിൽ ചേർക്കുന്നതും കാണേണ്ടി വന്നു .
അഴിമതിയിൽ ആറാടിയ ഭരണകാലം .....
സനീഷ് ജോർജ്ജ് ചെയർപേഴ്സൺ ആയി മാറിയതിനു ശേഷമാണ് തൊടുപുഴയിൽ അഴിമതി സാർവത്രികവും സ്വതന്ത്രമായി മാറിയത്. സിപിഐ(എം) നിർദ്ദേശം നൽകുന്ന എല്ലാ വഴിവിട്ട നീക്കങ്ങളുടെയും പതാകവാഹകനായി മുനിസിപ്പൽ ചെയർപേഴ്സൺ മാറുന്ന കാഴ്ചയാണ് പിന്നീട് തൊടുപുഴ സാക്ഷ്യം വഹിച്ചത്. ഇതിൽ മറ്റു ഭരണപക്ഷ അംഗങ്ങളും ചില പ്രതിപക്ഷ അംഗങ്ങളും പിന്തുണയുമായി ഉണ്ടായിരുന്നു എന്നത് നാടിനെ ലജ്ജിപ്പിക്കുന്നതാണ്. നിലവിൽ അഴിമതി ആരോപിക്കപ്പെട്ട വിഷയം മഞ്ഞ് മലയുടെ അഗ്രം മാത്രമാണ് എന്ന് ഏവർക്കും അറിയാം. ഒരു ഭാഗത്ത് തൊടുപുഴ അർബൻ സഹകരണ സംഘത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിയ സിപിഎം മറുവശത്ത് ഭരണതലത്തിൽ തൊടുപുഴ നഗരസഭയയും അഴിമതിയിൽ മുക്കി. ചെയർപേഴ്സണും എൻജിനീയറും വാങ്ങുന്ന അഴിമതി പണത്തിന്റെ പ്രധാന ഓഹരി സിപിഎം നേതാക്കൾ കൈപ്പറ്റിയിരുന്നു എന്നതു അഴിമതി വ്യവസ്ഥാപിതമാക്കുന്നതിന് നഗരസഭയിലെ അഴിമതിക്കാരെ സഹായിച്ചു. മാന്യമായും സർഗ്ഗാത്മകമായും ജീവിക്കുന്ന ഒരു മനുഷ്യനെ ഓഫീസിൽ വന്നതിന്റെ പേരിൽ വിജിലൻസ് പിടിയിലാക്കുവാൻ ഈ അഴിമതി വീരന്മാർ മടിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
തൊടുപുഴയിലെ സമാന്തര നിയമ-സാമ്പത്തിക വ്യവസ്ഥ ..
മുൻസിപ്പാലിറ്റി കെട്ടിടനിർമാണ ചട്ടങ്ങളോ, ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസ് നിയമങ്ങളോ, പൊതുമരാമത്ത് ട്രാഫിക് നിയമങ്ങളോ, ആരോഗ്യ വകുപ്പ് ചട്ടങ്ങളോ ഒന്നും ബാധകമല്ലാതെ പാവപ്പെട്ടവരുടെ വഴിയോര കച്ചവടം എന്ന ഓമനപ്പേരിൽ തൊടുപുഴയിൽ തഴച്ചു വളർന്ന സമാന്തര വ്യവസായമാണ് വഴിയോര തട്ട്, ആപ്പേ വണ്ടി, ഉന്തുവണ്ടി കച്ചവടങ്ങൾ. നഗരപ്രദേശങ്ങളിൽ എല്ലായിടത്തും കെട്ടിടങ്ങൾ ഒഴിഞ്ഞു കിടക്കുമ്പോൾ, എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി സമാന്തര സാമ്പത്തിക സൗകര്യമായി ഈ ഏർപ്പാട് മാറിയിരിക്കുന്നു. ഇത് മുൻകാലങ്ങളിൽ തുടക്കം കുറിച്ചതാണെങ്കിലും ഇപ്പോഴത്തെ ഭരണം തുടങ്ങിയതിന് ശേഷമാണ് പരിരക്ഷ ലഭിക്കുന്ന രീതിയിൽ ഇവ പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നിരോധന പട്ടികയിൽ ഉള്ള തീവ്രവാദ പ്രസ്ഥാനത്തിന്റെ അഭ്യുദയകാംക്ഷികൾ ആയവരാണ് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മേലങ്കി അണിഞ്ഞു തൊടുപുഴയിൽ സമാന്തര നിയമ-സാമ്പത്തിക വ്യവസ്ഥ കൊണ്ടാടുന്നത്. ഇവയ്ക്ക് പരസ്യ പിന്തുണ നൽകുന്ന പ്രസ്ഥാനം തൊടുപുഴയിൽ സിപിഎം ആണെന്നത് നാട്ടിൽ ഉത്കണ്ഠ ജനിപ്പിച്ചിട്ടുണ്ട്. ഇവയുടെ മേലധികാര ചുമതല നിർഭാഗ്യവശാൽ മുനിസിപ്പൽ ചെയർപേഴ്സണിൽ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.
മുഖംമൂടി അഴിഞ്ഞു വീണപ്പോൾ അങ്കലാപ്പ് ...
കൂറുമാറ്റ നിരോധന നിയമപ്രകാരം 9ആം ഡിവിഷൻ പെട്ടേനാട് വാർഡിൽ ഉപതെരഞ്ഞെടുപ്പ് സംജാതമാവുകയും, മുനിസിപ്പൽ ചെയർപേഴ്സണും എൻജിനീയറും അഴിമതിയിൽ തെളിവോടെ കുടുങ്ങുകയും ചെയ്തപ്പോൾ മുഖം രക്ഷിക്കാനുള്ള തന്ത്രപ്പാടിലാണ് സിപിഎം ഇടുക്കി ജില്ലാ നേതൃത്വം. സനീഷ് ജോർജ്ജ് രാജി വയ്ക്കണം എന്ന നിലപാടും നിലവാരവുമില്ലാത്ത നിലവിളി ഉയർത്തി സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താൻ ആണ് ഇപ്പോൾ സിപിഎം ശ്രമം. നായയ്ക്ക് ആര് കടിവാളമിടും എന്നതാണ് നാട്ടിലെ ഇപ്പോഴത്തെ പ്രധാന ചോദ്യം.