കോപ്പ അമേരിക്ക രണ്ടാം വട്ടവും അർജൻ്റീനയ്ക്ക്
മയാമി: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻ്റിൽ തുടരെ രണ്ടാം വട്ടവും അർജൻ്റീന ചാംപ്യൻമാർ. ഫൈനലിൽ കൊളംബിയയെ കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്. ഇരു ടീമുകൾക്കും റെഗുലേഷൻ ടൈമിൽ ഗോൾ നേടാൻ സാധിക്കാതിരുന്നതോടെ മത്സരം എക്സ്ട്രാ ടൈമിലാണ് പൂർത്തിയാക്കിയത്.
മത്സരത്തിനിടെ സൂപ്പർ താരം ലയണൽ മെസി പരുക്കേറ്റ് പുറത്തായെങ്കിലും ലൗറ്റാരോ മാർട്ടിനസിൻറെ ഗോളിൽ അർജൻറീന കപ്പ് ഉയർത്തുകയായിരുന്നു.
എക്സ്ട്രാ ടൈം പൂർത്തിയാകാൻ എട്ട് മിനിറ്റ് മാത്രം ശേഷിക്കെയായിരുന്നു കളിയുടെ വിധി നിർണയിച്ച മാർട്ടിനസിൻ്റെ ഗോൾ. ഇതോടെ രണ്ട് യൂറോ കപ്പും ഒരു ലോകകും തുടർച്ചയായി സ്വന്തമാക്കിയ സ്പെയിനിൻ്റെ റെക്കോഡിനൊപ്പമെത്താനും ലാറ്റിനമേരിക്കയിൽ അർജൻ്റീനയ്ക്ക് സാധിച്ചു.
സ്പെയിൻ 2008, 2012 വർഷങ്ങളിൽ യൂറോ കപ്പും 2010ൽ ലോക കപ്പും നേടിയിരുന്നു. അർജൻ്റീന 2021ൽ കോപ്പ അമേരിക്ക നേട്ടവുമായി തുടങ്ങിയ പടയോട്ടം 2022ലെ ലോകകപ്പ് നേട്ടവും കടന്നാണ് ഇപ്പോൾ കോപ്പ നിലനിർത്തുന്നതിൽ എത്തി നിൽക്കുന്നത്.