അർജുന്റെ ലോറിയുടെ സ്ഥാനം റഡാറിൽ തെളിഞ്ഞു
അങ്കോള: കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽപെട്ട കോഴിക്കോട് സ്വദേശി അർജുൻ അകപ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ലോറിയുടെ ലൊക്കേഷൻ റഡാറിൽ കണ്ടെത്തി.
എൻ.ഐ.റ്റി സംഘം ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഡിവൈസുമായി നടത്തിയ തിരച്ചിലിൽ ആണ് ലോറിയുടെ സ്ഥാനം കണ്ടെത്തിയത്. രക്ഷാപ്രവർത്തനം അഞ്ചാം ദിനവും പുരോഗമിക്കുകയാണ്.
അർജുൻ അടക്കം മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 10 പേരെ കാണാതായിരുന്നു. അതിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തി. ദുരന്തം നടന്ന് നാല് ദിവസമായിട്ടും മണ്ണിനടിയിൽപ്പെട്ടുവെന്ന് കരുതുന്ന ലോറി പോലും കണ്ടെത്താൻ കർണാടക സർക്കാരിന് കഴിഞ്ഞിരുന്നില്ല.
അർജുന്റെ ബന്ധുക്കളെത്തി പരാതി പറഞ്ഞിട്ടും അവർ അനങ്ങിയില്ല. വെള്ളിയാഴ്ച രാവിലെ കേരള സർക്കാർ ഇടപെട്ട ശേഷമാണ് രക്ഷാപ്രവർത്തനം ഊർജിതമായത്.
ദേശീയപാത 66ൽ അങ്കോളയ്ക്കടുത്ത് ഷിരൂരിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയാണ് കാണാതായത്.