അർജുന് വേണ്ടിയുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ
അങ്കോല: ഉത്തര കന്നഡയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ. തെരച്ചിലിന്റെ 10ാം ദിനത്തിൽ നദിക്കടിയിൽ കണ്ടെത്തിയ ട്രക്കിൽ ആളുണ്ടോ ഇല്ലയോയെന്ന് സ്ഥിരീകരിക്കാനാണ് രക്ഷാപ്രവർത്തകരുടെ ശ്രമം.
അതിനായി മുങ്ങൽ വിദഗ്ധരുടെ സഹായം തേടും. അതേ സമയം ഗംഗാവാലി നദിയിലെ ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയായി മാറുന്നുണ്ട്.
നദിയിലെ കുത്തൊഴുക്ക് താത്കാലികമായി നിയന്ത്രിച്ച് തെരച്ചിൽ തുടരാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. നദിക്കടിയിൽ കണ്ടെത്തിയ ട്രക്ക് അർജുന്റേത് തന്നെയാണെന്നാണ് നിഗമനം.
ക്യാബിനിൽ ആളുണ്ടോ ഇല്ലയോയെന്ന് കണ്ടെത്തിയതിന് ശേഷം മാത്രമേ ലോറി കരയിലേക്കടുപ്പിക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങൂ. കുത്തൊഴുക്കുള്ള പുഴയിൽ ഉറപ്പിച്ച് നിർത്തും.
അതിന് ശേഷം ലോക്ക് ചെയ്തതിന് ശേഷം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി എടുക്കാനാണ് ശ്രമം. ബുധനാഴ്ചയാണ് നദിക്കടിയിൽ ലോറിയുണ്ടെന്ന് കണ്ടെത്തിയത്. പ്രദേശത്ത് മാധ്യമ പ്രവർത്തകർക്ക് പ്രവേശനമില്ല. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ നിരോധിച്ചിട്ടുമുണ്ട്.