അടിയൊഴുക്ക് ശക്തം, പുഴയ്ക്കടിയിലേക്ക് ഇറങ്ങിയുള്ള പരിശോധന ഉടനെയില്ല
ബാംഗ്ലൂർ: ഷിരൂർ മണ്ണിടിച്ചിലിൽ ഗംഗാവലി നദിയില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള നിർണായക ദൗത്യത്തിന് വെല്ലുവിളിയായി പുഴയിൽ ശക്തമായ അടിയൊഴുക്ക്.
രാവിലെ മുതൽ പെയ്ത് കൊണ്ടിരുന്ന കനത്ത മഴ ശമിച്ചതിന് പിന്നാലെയാണ് തിരച്ചിൽ നടത്തിയത്. ശക്തമായ അടിയൊഴുക്ക് മൂലം സ്കൂബ ഡൈവർമാർക്ക് പുഴയിൽ മുങ്ങിയുള്ള പരിശോധന പൂർത്തിയാക്കാനായില്ല.
മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന ഡൈവര്‍മാരമാണ് ആദ്യഘട്ട പരിശോധന നടത്തിയത്. പ്രത്യേക വൈദഗ്ധ്യം കിട്ടിയ ഒരാൾ കയർ കെട്ടി, ഓക്സിജൻ സഹായത്തോടെ ഇറങ്ങാനായിരുന്നു പദ്ധതി.
നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീൽ ഹുക്കുകൾ എത്തിക്കാൻ പോലും ശക്തമായ അടിയൊഴുക്ക് കാരണം പറ്റിയില്ല. ഇതോടെ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന അറിയിച്ചു. ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാവുകയാണ്.