ഏഷ്യ കപ്പ് 20 20; ഇന്ത്യൻ വനിതകൾ ഫൈനലിൽ
ധാംബുള്ള: നിലവിലുള്ള ചാംപ്യൻമാരായ ഇന്ത്യൻ വനിതകൾ ഏഷ്യ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ഇടമുറപ്പിച്ചു. സെമിഫൈനലിൽ ബംഗ്ലാദേശിനെ 10 വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ കീഴടക്കിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇന്ത്യ 11 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ലക്ഷ്യം നേടുകയായിരുന്നു.
ആദ്യ സ്പെല്ലിൽ ബംഗ്ഗാദേശിന്റെ ആദ്യ മൂന്നു ബാറ്റർമാരെയും തിരിച്ചയച്ച പേസ് ബൗളർ രേണുക സിങ്ങാണ് തുടക്കത്തിൽ തന്നെ മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്.
നാലോവർ ക്വോട്ട പൂർത്തിയാക്കിയ രേണുക 10 റൺസ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. 14 റൺസിന് മൂന്ന് വിക്കറ്റ് നേടിയ ഇടങ്കൈ സ്പിന്നർ രാധ യാദവും മികവ് പുലർത്തി.
നാല് ഓവറിൽ 25 റൺസിന് ഒരു വിക്കറ്റ് നേടിയ പൂജ വസ്ത്രകാർ മാത്രമാണ് ഓവറിൽ ശരാശരി ആറ് റൺസിന് മുകളിൽ വഴങ്ങിയത്. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ നിഗർ സുൽത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.
51 പന്ത് നേരിട്ട സുൽത്താന രണ്ടു ബൗണ്ടറി ഉൾപ്പെടെ 32 റൺസുമായി ഇന്നിങ്സിലെ അവസാന ഓവറിലാണ് പുറത്തായത്. സുൽത്താനയെ കൂടാതെ ഷോർന അക്തർ(18 പന്തിൽ 19) രണ്ടക്ക സ്കോർ കണ്ടെത്തിയത്.
മറുപടി ബാറ്റിങ്ങിൽ ഷഫാലി വർമയും സ്മൃതി മന്ഥനയും ചേർന്ന് വേഗത്തിൽ തന്നെ മത്സരം പൂർത്തിയാക്കുകയായിരുന്നു. 39 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും ഉൾപ്പെടെ 55 റൺസെടുത്ത സ്മൃതിയും, 28 പന്തിൽ 26 റൺസെടുത്ത ഷഫാലിയും പുറത്താകാതെ നിന്നു.
പാക്കിസ്ഥാനും ആതിഥേയരായ ശ്രീലങ്കയും ഏറ്റുമുട്ടുന്ന രണ്ടാം സെമി ഫൈനലിലെ ജേതാക്കളെയാണ് ഇന്ത്യ ഫൈനലിൽ നേരിടുക. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതലാണ് ഫൈനൽ.