ഇന്ത്യ - ശ്രീലങ്ക ഏകദിനം; ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചു
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റിന് 230 റണ്‍സെടുത്തപ്പോള്‍, ഇന്ത്യ 47.5 ഓവറില്‍ 230 ഓള്‍ഔട്ട് ആകുകയായിരുന്നു.
രണ്ടു പന്തില്‍ ഇന്ത്യയുടെ അവസാന രണ്ട് വിക്കറ്റ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലങ്ക അക്ഷരാര്‍ഥത്തില്‍ ആതിഥേയരുടെ വിജയനായകനായി. മത്സരത്തില്‍ ഏറിയ പങ്കും ആധിപത്യം പുലര്‍ത്തിയിട്ടും ശരിയായി ഫിനിഷ് ചെയ്യാന്‍ സാധിക്കാതിരുന്നതാണ് ഇന്ത്യക്ക് വിനയായത്.
ട്വന്റി 20 പരമ്പരയില്‍ ഉള്‍പ്പെടാതിരുന്ന രോഹിത് ശര്‍മയും വിരാട് കോലിയും കുല്‍ദീപ് യാദവും ഏകദിന പരമ്പരയില്‍ തിരിച്ചെത്തുകയും, ശ്രേയസ് അയ്യരും ശിവം ദുബെയും ദീര്‍ഘകാലത്തിനു ശേഷം ഏകദിന ടീമില്‍ തിരിച്ചെത്തുകയും ചെയ്ത മത്സരമായിരുന്നു ഇത്.
ടോസ് നേടി ബാറ്റ് ചെയ്ത ലങ്കയെ വന്‍ ബാറ്റിങ് തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത് ഓപ്പണര്‍ പാഥും നിശങ്കയുടെയും (75 പന്തില്‍ 56) വാലറ്റക്കാരന് ദുനിത് വെല്ലലാഗെയുടെയും(65 പന്തില്‍ 67) അര്‍ധ സെഞ്ചുറികളാണ്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്ങും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്കു നല്‍കിയത്. രോഹിത് 47 പന്തില്‍ ഏഴ് ഫോറും മൂന്നു സിക്സും സഹിതം 56 റണ്‍സെടുത്തു. എന്നാല്‍, പിന്നീട് വന്ന ബാറ്റര്‍മാരില്‍ ഒരാള്‍ക്കു പോലും 35 റണ്‍സിനു മുകളില്‍ സ്കോര്‍ ചെയ്യാനായില്ല.
അക്ഷര്‍ പട്ടേലും(33) കെ.എല്‍. രാഹുലും(31) നന്നായി തുടങ്ങിയ ശേഷം കീഴടങ്ങി. ശിവം ദുബെ (24 പന്തില്‍ 25) ഇന്ത്യയെ ജയത്തിലേക്കു നയിക്കുമെന്നു തോന്നിച്ചെങ്കിലും, ജയിക്കാന്‍ ഒരു റണ്‍ മാത്രം ആവശ്യമുള്ളപ്പോള്‍ ലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലങ്കയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി.
തോട്ടടുത്ത പന്തില്‍ അര്‍ഷ്ദീപ് സിങ്ങിനെയും എല്‍ബിഡബ്ല്യുവില്‍ കുരുക്കിയ അസലങ്ക ശ്രീലങ്കയ്ക്ക് ജയത്തിനൊപ്പം ആവേശകരമായ ടൈ ഉറപ്പാക്കുകയായിരുന്നു. അസലങ്കയും വനിന്ദു ഹരസംഗയും ലങ്കയ്ക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വെല്ലലാഗെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍, അസിത് ഫെര്‍ണാണ്ടോയും അഖില ധനഞ്ജയയും ഓരോ വിക്കറ്റ് സ്വന്തമാക്കി.