ഇന്ത്യൻ ഗുസ്തി താരം അന്തിം പംഘലിനെ ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ നാട്ടിലേക്ക് തിരിച്ചയച്ചു
പാരീസ്: അച്ചടക്ക ലംഘനം ഫ്രഞ്ച് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ഗുസ്തി താരം അന്തിം പംഘലിനെയും അവരുടെ സപ്പോർട്ട് സ്റ്റാഫിനെയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ നാട്ടിലേക്ക് തിരിച്ചയച്ചു.
ഔദ്യോഗിക അക്രഡിറ്റേഷൻ കാർഡ് ദുരുപയോഗം ചെയ്തതിനാണ് നടപടി. അന്തിം പംഘലിനെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കൻ റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ നിയോഗിച്ചതു കാരണമാണ് നേരത്തെ വിനേഷ് ഫോഗട്ടിനെ 53 കിലോഗ്രാം വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയും 50 കിലോഗ്രാമിൽ മത്സരിക്കാൻ വിനേഷ് നിർബന്ധിതയായതും.
വിനേഷ് ഫോഗട്ടും കൂട്ടരും റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മേധാവിയായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ പുറത്താക്കാൻ നടത്തിയ സമരത്തിനെതിരേ പരസ്യമായി രംഗത്ത് വന്നതോടെയാണ് പംഘൽ ഇന്ത്യൻ അധികൃതരുടെ പ്രിയ താരമായി മാറിയത്.
ഫ്രഞ്ച് അധികാരികൾ സൂചിപ്പിച്ചതുപോലെ അന്തിം പംഘലും അവരുടെ സപ്പോർട്ട് സ്റ്റാഫും അച്ചടക്ക നിയമങ്ങൾ ലംഘിച്ചതായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.
ഗെയിംസ് വില്ലേജില്‍ സൂക്ഷിച്ച തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി സഹോദരിക്ക് പംഘൽ തന്റെ അക്രഡിറ്റേഷൻ കാർഡ് കൈമാറിയിരുന്നു. ഇതുമായി ഗെയിംസ് വില്ലേജിൽ കടന്ന ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
അന്തിം പംഘലിന്റെ സഹോദരിയെ തടങ്കലിൽ വയ്ക്കരുതെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പൊലീസിനോട് അഭ്യർഥിച്ചു. അത് അവർ സമ്മതിക്കുകയും ഇവരെ ഹോട്ടലിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
എന്നിരുന്നാലും, അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഗുസ്തി താരത്തെയും അവരുടെ മുഴുവൻ ടീമിനെയും ഇപ്പോൾ നാടുകടത്തുകയാണ്. സംഭവത്തെ തുടർന്ന് അന്തിം പംഘലിന്റെ അക്രഡിറ്റേഷൻ കാർഡ് റദ്ദാക്കി.
ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ ഈ വിഷയം റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി ചർച്ച ചെയ്യുമെന്ന് വ്യക്തമാക്കി. നേരത്തെ പാരീസ് ഗെയിംസിൽ വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ റൗണ്ട് 16ൽ തുർക്കിയുടെ സെയ്നെപ് യെത് ഗില്ലിനോട് അന്തിം പംഗൽ പരാജയപ്പെട്ടിരുന്നു.