അർജുനെ കാണാതായിട്ട് ഒരു മാസം തികയുന്നു; പുഴയിൽ കയർ കിട്ടിയിടത്ത് വീണ്ടും തെരച്ചിൽ
ബാംഗ്ലൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവർ അർജുനെ കാണാതായിട്ട് ഒരു മാസം. അതേസമയം, കഴിഞ്ഞ ദിവസം നിർത്തി വച്ച ഷിരൂർ ഗംഗാവലി പുഴയിലെ തെരച്ചിൽ പുരോഗമിച്ച് കൊണ്ടിരിക്കുക ആണ്.
ഗോവയിൽ നിന്നും ഡ്രഡ്ജർ എത്തിക്കുന്നത് വരെ ഗംഗാവലി പുഴയിൽ മുങ്ങൽ വിദഗ്ധരായിരിക്കും തെരച്ചിൽ നടത്തുക. ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി ലഭിച്ചാൽ നേവിയും തെരച്ചിലിനെത്തും. അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക.
മത്സ്യത്തൊഴിലാളികൾ, മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മൽപ്പെയുടെ സംഘം, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് എന്നിവർ ഇന്ന് തെരച്ചിലിന് ഉണ്ടാകും.
മണ്ണിടിച്ചിലിൽ വെള്ളത്തിൽ പതിച്ച വലിയ കല്ലുകൾ നീക്കാൻ സാധിച്ചാലേ ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സാധിക്കൂവെന്ന് ഈശ്വർ മൽപ്പെ പറയുന്നു.
കഴിഞ്ഞ മാസം 16നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനേയും തടകയറ്റി വന്ന ലോറിയേയും മണ്ണിടിച്ചിലിനെത്തുടർന്ന കാണാതായത്.
അർജുന് പുറമേ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും കണ്ടെത്താനുണ്ട്. പുഴയിൽ നിന്നും കണ്ടെത്തിയ കയർ അർജുൻറെ വാഹനത്തിൻറേതാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതുകൂടാതെ ട്രക്കിൻറേതെന്നു കരുതുന്ന ലോഹഭാഗങ്ങളും പുഴയിൽ നിന്നും കണ്ടെത്തിയിരുന്നു.