ഓണത്തോട് അനുബന്ധിച്ച് 2 മാസത്തെ ക്ഷേമ പെൻഷൻ ഒന്നിച്ചെത്തും
തിരുവനന്തപുരം: ഓണത്തിന് മുൻപായി മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും. ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയിൽ 4,500 കോടി രൂപ കൂടി അനുവദിച്ച് കിട്ടിയതോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനകൾക്ക് പണം വകയിരുത്താനാണ് ധനവകുപ്പ് തീരുമാനം.
അറുപത് ലക്ഷത്തോളം ആളുകൾക്ക് 3,200 രൂപ വീതം ഓണത്തിന് മുൻപ് ലഭിക്കും വിധമാണ് ക്രമീകരണം. അഞ്ച് മാസത്തെ കുടിശികയിൽ ഒരു ഗഡുവും നടപ്പു മാസത്തെ പെൻഷനുമാണ് നൽകുന്നത്.
ഓണക്കാല ചെലവുകൾക്കായി 3000 കോടി രൂപ ധന വകുപ്പ് കടമെടുക്കും. 60 ലക്ഷം പെൻഷൻകാർക്ക് 3200 രൂപ വീതം ഓഗസ്റ്റ് അവസാനത്തോടെ വിതരണം തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്.
അഞ്ച് മാസത്തെ കുടിശികയിൽ രണ്ട് മാസത്തെ ഈ സാമ്പത്തിക വർഷവും ബാക്കി മൂന്ന് മാസത്തെ അടുത്ത സാമ്പത്തിക വർഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനാ ക്രമത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരുമാസത്തെ കുടിശിക കൂടി ചേർത്ത് നടപ്പ് മാസത്തെ പെൻഷൻ അനുവദിക്കുന്നത്.