കാർ അപകടത്തിന് ശേഷം ഋഷഭ് പന്ത് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തി
മുംബൈ: 2022 ഡിസംബറിലുണ്ടായ കാർ അപകടത്തിന് ശേഷം ആദ്യമായി വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് കെ.എൽ രാഹുലിനെ തിരിച്ച് വിളിച്ചപ്പോൾ, ഇടങ്കയ്യൻ പേസ് ബൗളർ യാഷ് ദയാൽ ആണ് ടീമിലെ ഏക പുതുമുഖം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അരങ്ങേറ്റം കുറിച്ച പേസ് ബൗളർ ആകാശ് ദീപ്, വിക്കറ്റ് കീപ്പർ ധ്രുവ് ജുറൽ, മധ്യനിര ബാറ്റർ സർഫറാസ് ഖാൻ എന്നിവർ സ്ഥാനം നിലനിർത്തി.
അതേസമയം, ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഉൾപ്പെട്ടിരുന്ന രജത് പാട്ടീദാർ, കെ.എസ്. ഭരത്, ദേവദത്ത് പടിക്കൽ, വാഷിങ്ടൺ സുന്ദർ, മുകേഷ് കുമാർ എന്നിവരെ ഒഴിവാക്കി. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ആയിരിക്കും പ്രധാന പേസ് ബൗളർമാർ. പരുക്കിൽ നിന്ന് പൂർണ മുക്തനാകാത്ത മുഹമ്മദ് ഷമിയെ ടീമിലേക്കു പരിഗണിച്ചില്ല.
ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരടങ്ങുന്ന ശക്തമായ സ്പിൻ നിരയെയാണ് ഇന്ത്യ അണിനിരത്തുന്നത്. ബംഗ്ലാദേശിനെതിരായ രണ്ടു ടെസ്റ്റുകൾക്കാണ് ഇന്ത്യ ആതിഥ്യം വഹിക്കുന്നത്.
ആദ്യ ടെസ്റ്റ് സെപ്റ്റംബർ 19ന് ചെന്നൈയിലും രണ്ടാമത്തേത് സെപ്റ്റംബർ 27ന് കാൺപുരിലും ആരംഭിക്കും. പാക്കിസ്ഥാനെ ടെസ്റ്റ് പരമ്പരയിൽ ക്ലീൻ സ്വീപ്പ് ചെയ്ത് മികച്ച ഫോമിലാണ് ബംഗ്ലാദേശ്. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം മൂന്നു മത്സരങ്ങൾ ഉൾപ്പെട്ട ട്വന്റി20 പരമ്പരയും ഉണ്ടാകും. ട്വന്റി20 ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
ഇന്ത്യൻ ടീം - രോഹിത് ശർമ(ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോലി, കെ.എൽ രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ(വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാൽ.