ആണവ രംഗത്തെ ചരിത്ര ഉടമ്പടി; ആദ്യ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യു.എ.ഇയും
ദുബായ്: ആണവ മേഖലയിലെ ആദ്യ കരാറിൽ ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും ഊർജമേഖലയിലെ കാർബൺ ബഹിർഗമനം കുറച്ച് കൊണ്ട് വരുന്നതിന്റെയും ഭാഗമായിട്ടാണ് കരാർ ഒപ്പുവെച്ചത്. ഇതോടെ ചരക്ക് നീക്കം, മാനവശേഷി വികസനം, ന്യൂക്ലിയർ കൺസൾട്ടൻസി സേവനം, ഭാവി നിക്ഷേപം തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യം പങ്കുവെക്കാൻ ഇരു രാജ്യങ്ങൾക്കും സാധിക്കും.
യു.എ.ഇയിലെ എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ എംഡിയും സിഇഒയുമായ മുഹമ്മദ് അൽ ഹമ്മാദി, പവർ കോർപറേഷൻ ഓഫ് ഇന്ത്യ ചെയർമാനും എംഡിയുമായ ഭുവൻചന്ദ്ര പഥക് എന്നിവരാണ് ചരിത്രപരമായ ഉടമ്പടിയിൽ ഒപ്പിട്ടത്.