ലബനന് വോക്കി ടോക്കി സ്ഫോടനം; മരണസംഖ്യ 20 ആയി ഉയർന്നു
ബെയ്റൂട്ട്: പേജർ സ്ഫോടന പരമ്പരയ്ക്കു പിന്നാലെ ലെബനനിൽ ഹിസ്ബുള്ള സംഘടനയുടെ നേതാക്കളെ ലക്ഷ്യമിട്ടുണ്ടായ രണ്ടാമത്തെ വാക്കിടോക്കി സ്ഫോടനങ്ങളില്‍ ലെബനനില്‍ മരണം 20 ആയി. 450 ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പേജർ സ്ഫോടനത്തിൽ മരിച്ചവരുടെ സംസ്കാരച്ചടങ്ങിനിടെയാണ് പുതിയ സ്ഫോടനം. ഇതോടെ രണ്ട് ദിവസങ്ങള്‍ക്കിടെ, പേജര്‍, വാക്കി ടോക്കി സ്ഫോടനങ്ങളിൽ ആകെ മരിച്ചവരുടെ എണ്ണം 32 ആയി. 3250 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
സ്ഫോടനങ്ങളില്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. കാറുകളിലും വീടുകളിലുമാണ് വാക്കിടോക്കി പൊട്ടിത്തെറികൾ ഉണ്ടായത്. തലസ്ഥാനമായ ബെയ്റൂട്ടിൽ ഒട്ടേറെ സ്ഫോടനങ്ങൾ ഉണ്ടാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശത്തായിരുന്നു ആദ്യ വോക്കി ടോക്കി സ്ഫോടനം.
പിന്നീട് രാജ്യത്തിന്റെ മറ്റിടങ്ങളിലും സമാന സംഭവം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ലെബനനിൽ 3000 കണക്കിന് പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ചത്. ഹിസ്ബുള്ളയുമായി ബന്ധമുള്ളവരാണ് മരിച്ചവരും പരുക്കേറ്റവരും.
ഹിസ്ബുള്ള ഉൾപ്പെടെ മേഖലയിൽ ഇസ്രയേലിനോടു യുദ്ധം ചെയ്യുന്ന സായുധ വിഭാഗങ്ങളെല്ലാം ഇതോടെ കൂടുതൽ പരിഭ്രാന്തിയിലായി. ഇവയെ പിന്തുണയ്ക്കുന്ന ഇറാനെയും നടുക്കിയിട്ടുണ്ട് പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾ.