ഇടുക്കിയിൽ ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി
ഇടുക്കി: ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിലാണ് ജീവനുള്ള പുഴുകളെ കണ്ടെത്തിയത്. കട്ടപന പള്ളിക്കവലയിലെ ഏയ്സ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് വിദ്യാർഥികൾക്കാണ് ചിക്കൻകറിയൽ നിന്നും ജീവനുള്ള പുഴുക്കളെ കിട്ടിയത്.
മൂന്ന് വിദ്യാർഥികളും ഭക്ഷ്യ വിഷബാധയേറ്റ് കട്ടപനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സ്വിമ്മിങ് അക്കാദമിയിലെ നീന്തൽ പരിശീലനത്തിന് ശേഷമാണ് വിദ്യാർഥികൾ സമീപത്തെ ഹോട്ടലിൽ നിന്നും പൊറോട്ടയും ചിക്കന്‍കറിയും കഴിച്ചത്. ഇതിനിടെയാണ് ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്.
ഇതോടെ വിദ്യാർഥികൾ ഛർദിച്ചു. തുടർന്ന് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി. പിന്നീട് ശക്തമായ തളർച്ചയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വിദ്യാർഥികളുടെ ആരോഗ്യനില പരിശോധിച്ചുവരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടൽ അടപ്പിച്ചു.