ബെയ്റൂട്ടിലും ഇസ്രായേൽ വ്യോമാക്രമണം, 560 പേർ മരിച്ചു
ബെയ്റൂട്ട്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലേക്കു കൂടി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷം.
തുടർച്ചയായ രണ്ടു ദിവസങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ 560 ആയി ഉയർന്നു. ഇവരിൽ അമ്പതോളം കുട്ടികളുണ്ടെന്നു ലെബനൻ. തെക്കൻ ലെബനനിൽ നിന്ന് ഇന്നലെയും പലായനം തുടർന്നു.
ആക്രമണ ഭീതി പടർന്നതോടെ ബെയ്റൂട്ട് നിവാസികളും രാജ്യത്തിന്റെ വടക്കൻ മേഖലയിലേക്കു നീങ്ങിത്തുടങ്ങി. ബെയ്റൂട്ടിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു.
ഹിസ്ബുള്ളയുടെ മിസൈൽ - റോക്കറ്റ് സേനയുടെ കമാൻഡർ ഇബ്രാഹിം ഖുബൈസിയടക്കം 15 പേർ ബെയ്റൂട്ടിനെ നടുക്കിയ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ടു. ബെയ്റൂട്ടിലും തീരദേശ നഗരം സിഡോണിലും സ്കൂളുകളിൽ അഭയാർത്ഥി ക്യാംപുകളൊരുക്കിയിട്ടുണ്ട് ലെബനൻ.
കൂട്ടപ്പലായനത്തെത്തുടർന്ന് തെക്കൻ ലെബനനിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം. കിലോമീറ്ററുകൾ നീളുന്ന വാഹന നിരകൾ രൂപപ്പെട്ടു. സിറിയൻ അതിർത്തിയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അതേസമയം, ഇസ്രയേലിലെ എട്ടു കേന്ദ്രങ്ങളിൽ റോക്കറ്റാക്രമണം നടത്തിയെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു.
അതിർത്തിയിൽ നിന്ന് 60 കിലോമീറ്റർ അകലെ സിക്രോൺ യാക്കോവിലുള്ള ഇസ്രയേലിന്റെ സ്ഫോടകവസ്തു നിർമാണ ശാല തകർത്തെന്നും ഹിസ്ബുള്ള. 55 റോക്കറ്റുകൾ വടക്കൻ ഇസ്രയേലിനു നേരേ ഹിസ്ബുള്ള പ്രയോഗിച്ചതായി ഇസ്രേലി സേനയും അറിയിച്ചു. ബെയ്റൂട്ടിൽ കൃത്യമായ രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ.
1990ലെ ആഭ്യന്തര കലാപത്തിനുശേഷം ലെബനൻ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോഴത്തേത്. ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ 2006നുശേഷം നടക്കുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലും ഇപ്പോഴത്തേതാണ്.
ഹിസ്ബുള്ളയുടെ റോക്കറ്റ്, ഡ്രോൺ, മിസൈൽ വിന്യാസം പൂർണമായി തകർത്ത് വടക്കൻ ഇസ്രയേൽ സുരക്ഷിതമാക്കിയശേഷം ഇവിടെ നിന്ന് പലായനം ചെയ്ത് 60000 പൗരന്മാരെ തിരികെ വീടുകളിലെത്തിക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം.
ഫത്തേ 110, യാക്കോഹ് തുടങ്ങി ഇസ്രയേലിലെ ടെൽ അവീവ് വരെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകൾ ഹിസ്ബുള്ളയുടെ കൈവശമുണ്ട്. എന്നാൽ, ഇവർ ഇത് ഉപയോഗിക്കാനിടയില്ലെന്നാണു വിലയിരുത്തൽ.
ഈ മിസൈലുകൾ പ്രയോഗിച്ചാൽ ഇസ്രയേൽ സർവ സന്നാഹവും ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും ഇത് ലെബനനെ പൂർണമായി തകർക്കുമെന്നും ഹിസ്ബുള്ള നേതൃത്വം ഭയക്കുന്നുണ്ടെന്നു ബിബിസിയുടെ പ്രതിരോധ വിദഗ്ധൻ ഫ്രാങ്ക് ഗാർഡ്നർ പറയുന്നു.