മധ്യേഷ്യയിൽ യുദ്ധ ഭീതി; സ്വർണ്ണ വില വർധിപ്പിക്കുന്നു
കൊച്ചി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മധ്യേഷ്യയിൽ യുദ്ധ ഭീതി വളർത്തുന്നത് സ്വർണ വിലയെ ബാധിക്കുന്നു. യുദ്ധം പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ സുരക്ഷിത നിക്ഷേപമായി സ്വർണത്തെയാണ് നിക്ഷേപകർ കാണുന്നത്. ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ പണം സ്വർണ ഇ.ടി.എഫുകളിലേക്കും മറ്റും ഒഴുക്കും.
താൽക്കാലിക അഭയമെന്ന നിലയിൽ നടത്തുന്ന ഈ നിക്ഷേപം പിന്നീട് പ്രതിസന്ധികൾ ഒഴിയുമ്പോൾ കടപ്പത്രങ്ങളിലേക്കും ഓഹരി വിപണിയിലേക്കും മറ്റും തിരിച്ച് നിക്ഷേപിക്കുകയും ചെയ്യും. നിലവിൽ അത്തരത്തിൽ നിക്ഷേപം ഒഴുകുന്നതാണ് വില ഉയർത്തുന്നത്.
ഇതുകൂടാതെ അമേരിക്കൻ ഫെഡറൽ റിസർവ് അടുത്ത മാസം നടക്കുന്ന മീറ്റിങ്ങിൽ തന്നെ പലിശ നിരക്ക് വീണ്ടും കുറച്ചേക്കുമെന്ന സൂചനകളും സ്വർണത്തിന് നേട്ടമാണ്.
ഒപ്പം യുദ്ധഭീതിയിൽ ഡോളർ വില ഉയരുന്നതും സ്വർണത്തിൽ വിലക്കയറ്റമുണ്ടാക്കുന്നുണ്ട്. സ്വർണത്തിൻറെ മൂല്യം കണക്കാക്കുന്നത് ഡോളറിലായതിനാൽ മറ്റ് കറൻസികൾ ഉപയോഗിക്കുന്നവർക്ക് സ്വർണം വാങ്ങാൻ കൂടുതൽ ഡോളർ ചെലവാക്കേണ്ടി വരും.
നവരാത്രി, ദീപാവലി, ദസറ ആഘോഷങ്ങൾക്ക് തുടക്കമിട്ടതും രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ഡിമാൻഡ് കൂടുന്നതും ഇവിടെ വില കയറാൻ കാരണമാകുന്നുണ്ട്. വിവാഹങ്ങൾക്കും മറ്റുമായി സ്വർണം വാങ്ങേണ്ടവർക്ക് സ്വർണ വില ഉയരുന്നതിൽ ആശങ്കയിലാണ്.
കേരളത്തിൽ സ്വർണ വില വ്യാഴാഴ്ചയും റെക്കോഡ് ഭേദിച്ചിരുന്നു. ഗ്രാം വില 10 രൂപ വർധിച്ച് 7,110 രൂപയും പവൻ വില 80 രൂപ വർധിച്ച് 56,880 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്.
സെപ്റ്റംബർ 27ന് കുറിച്ച പവന് 56,800 രൂപയെന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഇന്നലെ ഗ്രാമിന് അഞ്ച് രൂപ ഉയർന്ന് 5,880 രൂപയിലെത്തി.
വെള്ളി വിലയാകട്ടെ തുടർച്ചയായ മൂന്നാം ദിവസവും അനങ്ങാതെ നിൽക്കുകയാണ്. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം. രാജ്യാന്തര വിലയിൽ ചൊവ്വാഴ്ച വലിയ മുന്നേറ്റമുണ്ടായെങ്കിലും കഴിഞ്ഞ ദിവസം നേരിയ ഇടിവുണ്ടായിരുന്നു. വ്യാഴാഴ്ച 0.07 ശതമാനം താഴ്ന്ന് ഔൺസിന് 2,656.02ലാണ് വ്യാപാരം നടന്നത്.