കമ്പ്യൂട്ടറുകളെ വിശ്വസിക്കരുതെന്ന് മസ്ക്
ന്യൂയോർക്ക്: കമ്പ്യൂട്ടറുകളെ വിശ്വസിക്കരുതെന്ന് ടെസ്ല, എക്സ് സി.ഇ.ഒ ഇലോൺ മസ്ക്. വരുന്ന യു.എസ് തെരഞ്ഞെടുപ്പിൽ ഇ.വി.എമ്മിനു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്നും മസ്ക് പറയുന്നു.
എന്റെ നിരീക്ഷണത്തിൽ ബാലറ്റ് പേപ്പറുകൾ കൈകൾ കൊണ്ട് എണ്ണി തിട്ടപ്പെടുത്തുകയാണ്. കമ്പ്യൂട്ടറുകളെ കുറിച്ച് ധാരാളം കാര്യങ്ങൾ എനിക്കറിയാം.
അത്കൊണ്ട് തന്നെ ഞാൻ കമ്പ്യൂട്ടറുകളെ വിശ്വസിക്കുന്നില്ലെന്നാണ് യു.എസ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപിന് വേണ്ടി വൻ തോതിൽ പണം ഇറക്കുന്ന മസ്കിന്റെ അഭിപ്രായം.
ഞാൻ ഒരു സാങ്കേതിക വിദഗ്ധനാണ്. എനിക്ക് കമ്പ്യൂട്ടറുകളെ കുറിച്ചറിയാം. ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ഹാക്ക് ചെയ്യുക എന്നത് വളരെ എളുപ്പമാണ്. ഒരു വരി കോഡ് ഉൾപ്പെടുത്തിയാൽ മതിയാകും. എന്നാൽ പേപ്പർ ബാലറ്റുകൾ അത്തരത്തിൽ ഹാക്ക് ചെയ്യാനോ മാറ്റം വരുത്താനോ സാധിക്കില്ലെന്നും മസ്ക് വ്യക്തമാക്കി. ഇതാദ്യമായല്ല മസ്ക് ഇ.വി.എമ്മിനെതിരേ അഭിപ്രായം പറയുന്നത്.