ഖമനയിയുടെ ഹീബ്രു ഭാഷയിൽ തുടങ്ങിയ അക്കൗണ്ട് സസ്പെൻഡ് ചെയ്ത് എക്സ്
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഹീബ്രു ഭാഷയിൽ ആരംഭിച്ച അക്കൗണ്ട് സസ്പെൻഡ് ചെയ്ത് സമൂഹമാധ്യമമായ എക്സ്.
രണ്ട് ദിവസം മുമ്പാണ് ഖമനയി തന്റെ പ്രധാന അക്കൗണ്ടിനു പുറമെ എക്സിൽ ഹീബ്രു ഭാഷയിലുള്ള പുതിയ അക്കൗണ്ട് ആരംഭിച്ചത്. ഇസ്രയേൽ ഇറാനിൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഇത്. വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേലിനെ വിമർശിക്കുന്ന രണ്ട് പോസ്റ്റുകളും ഖമനയി പങ്കുവച്ചിട്ടുണ്ട്.
ഇസ്രയേലിന്റെ ഔദ്യോഗിക ഭാഷയാണ് ഹീബ്രു. ഖമനയിയുടെ പ്രധാന ഔദ്യോഗിക അക്കൗണ്ടിൽ അപൂർവമായി മാത്രമാണ് ഹീബ്രുവിൽ വിവരങ്ങൾ പങ്കുവച്ചിരുന്നത്. പോസ്റ്റുകളിലധികവും ഇംഗ്ലീഷിൽ തന്നെയാണ്. പ്രധാന അക്കൗണ്ടിലൂടെ ഇസ്രയേലിനെതിരേ കടുത്ത ഭാഷ ഉപയോഗിക്കാതിരിയ്ക്കാൻ ഖമനയി ശ്രദ്ധിച്ചിരുന്നു.