രേണുകസ്വാമി വധക്കേസിലെ പ്രതി നടൻ ദർശന് ജാമ്യം
ബാംഗ്ലൂർ: തൻ്റെ ആരാധികയായ രേണുകസ്വാമിയെ(33) കൊലപ്പെടുത്തിയ കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ബുധനാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു.
ആരോഗ്യപരമായ കാരണങ്ങളാൽ ആറാഴ്ചത്തെ ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയനാകാനുള്ള മെഡിക്കൽ കാരണത്താലാണ് ജാമ്യം തേടിയത്. ദർശൻറെ രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ അദേഹത്തിൻറെ നിയമോപദേശകൻ ഹാജരാക്കി.
മൈസൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യണമെന്നാണ് ദർശൻറെ ആവശ്യം. ചെലവുകൾ സ്വയം ഏറ്റെടുത്തോളാമെന്നും ദർശൻ അറിയിച്ചിട്ടുണ്ട്. ജാമ്യത്തിൻറെ പ്രധാന വ്യവസ്ഥയെന്ന നിലയൽ ദർശൻ തൻറെ പാസ്പോർട്ട് ഹാജരാക്കണം.
മുൻകരുതൽ നടപടിയെന്ന നിലയിൽ പാസ്പോർട്ട് സറണ്ടർ നിർബന്ധമാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ ആവശ്യം. കൂടാതെ ചികിത്സയുടെ വിശദാംശങ്ങൾ ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും ദർശനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ദർശൻറെ ആരാധകനായ രേണുകസ്വാമി നടൻറെ സുഹൃത്തായ സഹപ്രതി പവിത്ര ഗൗഡയ്ക്ക് അയച്ച അശ്ശീല സന്ദേശങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായത്.