യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രം
ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കുമ്പോൾ ഡെമൊക്രറ്റ് സ്ഥാനാർഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപുമായി ഇഞ്ചോടിഞ്ച് പോരാട്ടം.
ഒടുവിലത്തെ സൂചനകൾ വോട്ടിന്റെ മേൽക്കൈ കമല ഹാരിസിനാണ്. കമലയ്ക്ക് 47.9 ശതമാനവും ട്രംപിന് 44 ശതമാനവുമാണ് നിലവിലെ പിന്തുണ. ഇരുവർക്കും 50 ശതമാനം വോട്ടിലെത്താനായിട്ടില്ല. ഒരു ശതമാനത്തിന്റെ മേൽക്കൈ വിജയമുറപ്പിക്കാനുള്ള പിൻബലമല്ലെന്നു യു.എസ് മാധ്യമങ്ങൾ.
സാധാരണ ഗതിയിൽ ഡെമൊക്രറ്റുകളോട് ചായ്വ് പുലർത്തുന്ന ബ്ലൂ വോൾ സ്റ്റേറ്റുകളായ പെൻസിൽവാനിയ, മിഷിഗൺ, വിസ്കൺസിൻ എന്നിവിടങ്ങളിൽ ഇത്തവണ ഫലം പ്രവചനാതീതമാണ്.
പെൻസിൽവാനിയയിൽ 47.9 ശതമാനം വോട്ടുമായി ട്രംപാണ് മുന്നിൽ. ഇവിടെ കമല ഹാരിസിന്റെ പിന്തുണ 47.6 ശതമാനമാണ്. മിഷിഗണിലും വിസ്കൺസിനിലും കമലയുടെ ലീഡ് ഒരു ശതമാനം മാത്രം.
നെവാഡയിൽ ഒരു ശതമാനവും ജോർജിയയിലും നോർത്ത് കരോലിനയിലും രണ്ട് ശതമാനവും അരിസോണയിൽ മൂന്ന് ശതമാനവും വോട്ടുകൾക്ക് ട്രംപാണ് മുന്നിൽ. എന്നാൽ, 2016ലും 2020ലും ട്രംപിനെ തുണച്ച ഐയവയിൽ ഇത്തവണ കമല ഹാരിസ് മൂന്ന് ശതമാനം വോട്ടുകൾക്ക് മുന്നിലാണ്.