അങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതിയെ പിരിച്ചു വിട്ടു
അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘം നമ്പർ ഇ. 1081 കേരള സഹകരണ നിയമം 32 (1) പ്രകാരം നിലവിലുള്ള ഭരണ സമിതിയെ പിരിച്ച് വിട്ടുകൊണ്ടും പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു കൊണ്ടും എറണാകുളം ജില്ലാ സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ ജനറൽ ഉത്തരവ് പുറപ്പെടുവിച്ചു.
ഈ സംഘത്തിൽ നടക്കുന്ന അഴിമതിയും സാമ്പത്തി തട്ടിപ്പും, വായ്പ തട്ടിപ്പും സംബന്ധിച്ച് സഹകരണ നിയമം65 പ്രകാരം നടത്തിയ അന്വേഷണത്തിൽ സംഘത്തിൽ നടത്തിയ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഭരണസമിതിയെ പിരിച്ച് വിട്ടത്.
സംഘത്തിലെ വായ്പ അപേക്ഷകളിൽ പലതിലും ജാമ്യകടപത്രം, വസ്തുവിൻറെ വാല്യവേഷൻ സർട്ടിഫിക്കറ്റ്, ഗഹാൻ, ലീഗൽ ഒപ്പീനിയൻ എന്നിവ ഉൾക്കൊള്ളിച്ചിട്ടില്ല.
2008 മുതൽ സംഘത്തിൽ നിന്നും നൽകിയിട്ടുള്ള പലവായ്പകളിലും പലിശ ഉൾപ്പടെ പുതുക്കിയിട്ടുള്ളതായും, വസ്തുവിൻറെ ആധാരത്തിൻറെ പകർപ്പ് മാത്രം ഉൾക്കൊള്ളിച്ചും, പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ പേരിലും ഒരേ വസ്തുവിൻമേൽ ഒരേ വീട്ടിൽ താമസിക്കുന്ന നാലുപേരുടെവരെ പേരിലും, മരണപ്പെട്ട വ്യക്തിയുടെ പേരിലും വായ്പ നൽകിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് വെളിയിൽ താമസിച്ചിരുന്ന വ്യക്തിക്ക് പ്രവാസ കാലയളവിൽ നിലവിലിരിക്കുന്ന വായ്പ, പലിശ സഹിതം പുതുക്കുകയും, പുതിയ വ്യക്തികൾക്ക് വ്യാജമായി അംഗത്വം നൽകി വായ്പ നൽകിയിട്ടുളളതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംഘത്തിൽ 31.03.2024 തിയതിയിൽ 120,39,43,913/-രൂപ വായ്പ ബാക്കി നിൽപ്പുള്ളതിൽ, 96,74,10,556/- രൂപയുടെ വായ്പകൾ വ്യാജ വായ്പകൾ ആണ്. വായ്പകളുടെ ഈടുവസ്തുവിൽ നിന്ന് വായ്പ തുകയുടെ 25% മാത്രമെ ഈടാക്കുന്നതിന് സാധിക്കുകയുള്ളൂ എന്ന് ബോധ്യപ്പെട്ടിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വ്യാജവായ്പകളിൽ സംഘത്തിന് യാതൊരു വിധത്തിലും ഈടാക്കിയെടുക്കാൻ സാധിക്കാത്ത 33,82,24,556/- രൂപയുടെ വായ്പകളുണ്ട്.
സംഘത്തിൽ നിന്നും പരസ്പര ജാമ്യ വ്യവസ്ഥയിൽ നൽകിയിട്ടുള്ള 1,55,65,778/- രൂപയുടെ വിവിധ വായ്പകളുടെ യാതൊരു രേഖകളും പരിശോധനക്ക് ലഭ്യമായിട്ടില്ല.
2019 - 2020 കാലഘട്ടം മുതൽ 2022-23 വരെ പുതുക്കി നൽകിയിട്ടുള്ള വായ്പകൾക്ക് സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശം പാലിക്കാതെ റിബേറ്റ് നൽകുക വഴി 2,52,83,454/- ചെലവഴിച്ചിട്ടുണ്ട്.
സംഘത്തിൻറെ എം.ഡി.എസ് പരിശോധിച്ചതിൽ 1,37,35,000/- രൂപ യാതൊരു ഈടു വ്യവസ്ഥയും പാലിക്കാതെ നൽകിയിട്ടുണ്ട്. സംഘത്തിൻറെ സ്വന്തം പേരിൽ അങ്കമാലി മുൻസിപ്പാലിറ്റിയിലുള്ള 6.06 ആർ വസ്തുവും കാലടി നീലിശ്വരത്തുള്ള 0.85 ആർ വസ്തുവും ഈടു നൽകി കേരളബാങ്കിൻറെ അങ്കമാലി ശാഖയിൽ നിന്നും വായ്പ എടുത്തിട്ടുള്ളതിൽ 1,67,77,934.90 രൂപ ബാധ്യതയുണ്ട്.
31.03.2024 തീയതിയിൽ 106,55,71,160.80/- രൂപ നിക്ഷേപ ബാക്കി നിൽപ്പണ്ട് സംഘത്തിന് നിലവിൽ നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിന് സാധിക്കാത്ത അവസ്ഥയാണുള്ളത്.
അതിൻറെ പൂർണ്ണ ഉത്തരവാദിത്വം സംഘം ഭരണസമിതി അംഗങ്ങളിൽ നിക്ഷിപ്തമാണെന്നും ഉത്തരവിൽ പറയുന്നു. പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലേക്ക് എം.കെ വർഗ്ഗീസ്, തുറവൂർ, ( അംഗത്വ നമ്പർ 5095) എം.പി.മാർട്ടിൻ കിടങ്ങൂർ (അംഗത്വ നമ്പർ 6015), ഡെയ്സി ജെയിംസ് , കവരപ്പറമ്പ്. , (അംഗത്വ നമ്പർ 5927) എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.
എം.കെ. വർഗ്ഗീസാണ് അഡ്മിനിസ്ട്രേറ്റീവ് കൺവിനർ വി.ഡി ടോമി, മാർട്ടിൻ ജോസഫ് കരയാംപറമ്പ്, പി.സി. ടോമി, കെ ജി. രാജപ്പൻ നായർ, എൽസി വർഗ്ഗീസ്, ലക്സി ജോയ്, മേരി ആൻ്റണി, പി.വി. പൗലോസ്, ബെന്നി തെക്കൻ എന്നിവരെയാണ് പിരിച്ച് വിട്ടത് . നേരത്തെ ബോർഡ് മെമ്പർമാരായ ടി.പി. ജോർജിനെയും ദേവസി മാടനെയും വൈശാഖ് എസ്. ദർശനെയും സസ്പെൻഡ് ചെയ്തിരുന്നു.