ബുൾഡോസർ രാജിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: കേസുകളിൽ ഉൾപ്പെട്ട പ്രതികൾ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതികളും ജഡ്ജിമാരുമാണെന്ന് സുപ്രീം കോടതി. കേസുകളിൽ പ്രതികളാവുന്നവരുടെ സ്വത്തുക്കൾ ഇടിച്ചു നിരത്താൻ സർക്കാരുകൾക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലായി ശിക്ഷാ നടപടിയെന്ന പേരിൽ കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസറുകളുപയോഗിച്ച് ഇടിച്ച് തകർക്കുന്ന ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതി ഉത്തരവ്. കുറ്റാരോപിതർ മാത്രമായവരെ കുറ്റക്കാരായി വിധിയെഴുതുന്നതും കോടതിയുടെ ചുമതല സർക്കാർ ഏറ്റെടുക്കുന്നതും അനുവദിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നിയമവും നിടക്രമവും പാലിക്കാതെ വീടുകളോ വസ്തുക്കളോ ഇടിച്ചു തകർത്താൽ നഷ്ടപരിഹാരത്തിന് കുടുംബത്തിന് അർഹത ഉണ്ടായിരിക്കുമെന്നും നിയമവിരുദ്ധ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥർക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു. വീടെന്ന സുരക്ഷിതത്വം മൗലികാവകാശമാണെന്നും അതു ഹനിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ കോടതി മറ്റ് അനധികൃത നിർമാണങ്ങൾ എന്തൊക്കെ നടന്നാലും വീടുകൾ തിരഞ്ഞു പിടിച്ച് പൊളിക്കുന്ന രീതി സർക്കാരുകൾക്കുണ്ടെന്നും ബെഞ്ച് കുറ്റപ്പെടുത്തി.