അർജൻറീനയ്ക്ക് തോൽവി
അസൻഷ്യൻ: ഫുട്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ലാറ്റിനമേരിക്കൻ മേഖലാ മത്സരങ്ങളിൽ ലോക ചാംപ്യൻമാരായ അർജൻറീനയ്ക്കും ചിരവൈരികളായ ബ്രസീലിനും നിരാശ. ലയണൽ മെസി നയിച്ച അർജൻറീന ഒന്നിനെതിരെ രണ്ട് ഗോളിന് പരാഗ്വെയോട് തോറ്റു.
പുത്തൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ഉൾപ്പെട്ട ബ്രസീൽ ആകട്ടെ, വെനിസ്വേലയോട് 1 - 1 സമനില വഴങ്ങി. പത്ത് ടീമുകൾ ഉൾപ്പെടുന്ന ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ അർജൻറീന ഇപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെയാണ്.
11 മത്സരങ്ങളിൽ 22 പോയിൻറാണ് അവർക്കുള്ളത്. 17 പോയിൻറുള്ള ബ്രസീൽ മൂന്നാം സ്ഥാനത്തും നിൽക്കുന്നു. മേഖലയിലെ മറ്റൊരു മത്സരത്തിൽ ഇക്വഡോർ എതിരില്ലാത്ത നാല് ഗോളിന് ബൊളീവിയയെ കീഴടക്കി. കൊളംബിയ, ഉറുഗ്വെ, പെറു, ചിലി എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.