ഒറ്റ ഇന്നിങ്സിൽ കേരളത്തിൻറെ 10 വിക്കറ്റും വീഴ്ത്തി ഹരിയാന ബൗളർ അൻഷുൽ കാംഭോജ്
റോഹ്തക്: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ ഹരിയാന പേസ് ബൗളർ അൻഷുൽ കാംഭോജ് ഒറ്റ ഇന്നിങ്സിൽ കേരളത്തിൻറെ പത്ത് വിക്കറ്റും സ്വന്തമാക്കി.
291 റൺസിൽ കേരളത്തിൻറെ ഒന്നാം ഇന്നിങ്സ് അവസാനിക്കുകയും ചെയ്തു. നാല് ബാറ്റർമാർ അർധ സെഞ്ചുറി നേടിയിട്ടും മികച്ച സ്കോർ നേടുന്നതിൽ നിന്ന് കേരളത്തെ തടഞ്ഞത് അൻഷുലിൻറെ അസാമാന്യ പ്രകടനായിരുന്നു. രഞ്ജി ട്രോഫിയിൽ ഒറ്റ ഇന്നിങ്സിൽ പത്ത് വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് അൻഷുൽ കാംഭോജ്.
ആകെ 30.1 ഓവർ എറിഞ്ഞ കാംഭോജ് 49 റൺസ് വഴങ്ങിയാണ് പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ബംഗാളിൻറെ പ്രേമാങ്സു ചാറ്റർജിയും രാജസ്ഥാൻറെ പ്രദീപ് സുന്ദരവുമാണ് ഇതിനു മുൻപ് രഞ്ജി ട്രോഫിയിൽ ഒറ്റ ഇന്നിങ്സിൽ പത്ത് വിക്കറ്റ് നേടിയിട്ടുള്ളത്.
സുന്ദരത്തിൻറെ പ്രകടനം 1985-86 സീസണിലും ചാറ്റർജിയുടേത് 1956-57 സീസണിലുമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒറ്റ ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത് കാംഭോജ് അടക്കം ആറ് ഇന്ത്യക്കാരാണ്.
സുഭാഷ് ഗുപ്തെ, അനിൽ കുംബ്ലെ, ദേബാശിശ് മൊഹന്തി എന്നിവരാണ് മറ്റുള്ളവർ. ഇതിൽ കുംബ്ലെയുടേത് ടെസ്റ്റ് മത്സരത്തിലായിരുന്നു. കുംബ്ലെയ്ക്ക് മുൻപ് ഇംഗ്ലണ്ട് താരം ജിം ലേക്കറും ശേഷം ന്യൂസിലൻഡിൻറെ അജാസ് പട്ടേലുമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.