പട്ടികവർഗ വികസന പദ്ധതിക്ക് തുടക്കം: പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു; കേന്ദ്രമന്ത്രി അഡ്വ. ജോർജ്ജ് കുര്യൻ മുഖ്യാതിഥിയായി
ഇടുക്കി: പട്ടികവർഗ ജനതയുടെ വികസനം ലക്ഷ്യമിട്ടുള്ള ധർത്തി ആഭാ ജനജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം ബീഹാറിലെ ജമുയി ജില്ലയിൽ പ്രധാനമന്ത്രി നിർവഹിച്ചു. കുമളി മന്നാൻ നഗർ സാംസ്കാരിക നിലയത്തിൽ നടന്ന സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം ഓൺലൈനായി സ്ക്രീനിൽ പ്രദർശിപ്പിച്ചു. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പ് കേന്ദ്രസഹമന്ത്രി അഡ്വ. ജോർജ്ജ് കുര്യൻ മുഖ്യാതിഥിയായി.ആദിവാസി വിഭാഗത്തെ വികസിത സമൂഹമാക്കി മാറ്റുന്നതിനുള്ള ഊർജ്ജിത ശ്രമമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പട്ടികവർഗ മേഖലയുടെ വികസനത്തിനായി കേന്ദ്ര സർക്കാരിന്റെ നിരവധി പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പാക്കിവരികയാണ്. അടിസ്ഥാന സൗകര്യങ്ങൾ വികസിത പ്രദേശങ്ങളിലേത് പോലെ ഉയർത്തണം. ഇതിനായി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറണ്ടേതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ 75-മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഗോത്രവർഗ്ഗ സ്വാതന്ത്ര്യസമര സേനാനി ബിർസാ മുണ്ടെയുടെ അനുസ്മരണവും പരിപാടിയോടനുബന്ധിച്ച് നടന്നു. സ്വാതന്ത്ര്യ സമരകാലത്ത് അടിസ്ഥാനവർഗ്ഗത്തിൻ്റെയും തദ്ദേശിയ ജനവിഭാഗത്തിൻ്റെയും നിലനിൽപ്പിനും ഉന്നമനത്തിനുമായി പോരാടിയ മഹാനായ വ്യക്തിയാണ് ബിർസാ മുണ്ടെയെന്ന് കേന്ദ്രമന്ത്രി അഡ്വ ജോർജ് കുര്യൻ അനുസ്മരിച്ചു. അദ്ദേഹത്തിൻ്റെ സംഭാവനകൾ രാജ്യത്തിന് വിലപ്പെട്ടതും ആധികാരികവുമാണെന്നും മന്ത്രി വ്യക്തമാക്കി.
ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. വാഴൂർ സോമൻ എം.എൽ.എ, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, പട്ടികവർഗ്ഗ വികസനവകുപ്പ് ജോയിൻ്റ് ഡയരക്ടർ കെ എസ് ശ്രീരേഖ ,ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ, ആദിവാസി ഊരുകളിലെ ഊര് മൂപ്പൻമാർ, മറ്റ് ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിൽ ഇടുക്കി,വയനാട്, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകളാണ് പദ്ധതി നടപ്പാക്കുന്നത്. 89 പട്ടികവർഗ ഗ്രാമങ്ങൾ കേരളത്തിൽ നിന്നും തിരഞ്ഞെടുത്തിട്ടുണ്ട് .അടിസ്ഥാനസൗകര്യങ്ങൾ, ആരോഗ്യം,വിദ്യാഭ്യാസം, ഉപജീവനമാർഗം എന്നിങ്ങനെ നാല് മേഖലകളിലായി പട്ടിക വർഗ ജനതയുടെ സമഗ്രവികസനമാണ് പദ്ധതിയുടെ ലക്ഷ്യം. പിന്തുണാ സേവനങ്ങളും, നിലവിലെ പദ്ധതികളിലെ വിടവുകൾ കണ്ടെത്തി പ്രശ്നപരിഹാരം കാണലും ഇതിൽ ഉൾപ്പെടുന്നു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സുപ്രധാന സേവനങ്ങൾ ഏറ്റവും വിദൂര ഗോത്ര മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സംയോജിത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കൽ, 17 കാര്യനിർവ്വഹണ മന്ത്രാലയങ്ങളുടെ ഒത്തുചേരൽ, 25 വ്യത്യസ്ത മേഖലകളിലുള്ള ഇടപെടലുകളിലൂടെയുള്ള ഗോത്ര ശാക്തീകരണം എന്നിവയും മാർഗ്ഗരേഖയിലുണ്ട്.