ശബരിമല മണ്ഡലകാല മഹോത്സവം: ആരോഗ്യ വകുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ തുടങ്ങി
ഇടുക്കി: മണ്ഡല കാലത്തിനോടനുബന്ധിച്ച് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കുമളി പി എച്ച് സിയിൽ വെച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എസ് സുരേഷ് വർഗീസി അധ്യക്ഷതയിൽ യോഗം ചേർന്നു. മണ്ഡലകാല തീർത്ഥാടനം സുഗമമാക്കുന്നതിനായിട്ടുള്ള നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു.
സത്രം , മുക്കുഴി എന്നിവിടങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. മലകയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള മുന്നറിയിപ്പ് ബോർഡുകൾ ആറുഭാഷകളിൽ പത്ത് സ്ഥലങ്ങളിലായി സ്ഥാപിക്കും.
ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ പരിശോധന നടത്തുമെന്ന് ഉറപ്പാക്കും. കുടിവെള്ള സ്രോതസ്സുകൾ കൃത്യമായി ക്ലോറിനേഷൻ ചെയ്യുമെന്ന് ഉറപ്പ് വരുത്താനും തീരുമാനമായി. വണ്ടിപ്പെരിയാർ,പീരുമേട് എന്നിവിടങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
ആരോഗ്യവകുപ്പിൽ നിന്നും ഡോക്ടേഴ്സ് , പാരാമെഡിക്കൽ സ്റ്റാഫുകൾ എന്ന വിരുടെ സേവനവും ലഭ്യമാണ്. സത്രം വഴി തീർത്ഥാടകർക്ക് മെഡിക്കൽ സൗകര്യം ഉറപ്പാക്കുന്നതിന് സീറോ പോയി ൻ്റിൽ മെഡിക്കൽ ടീമിനെ നിയോഗിക്കും. താവളങ്ങളിൽ അധികമായി നിയമിക്കുന്ന സ്റ്റാഫിന് അതാത് മെഡിക്കൽ ഓഫീസർമാർ അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നതാണ്.
കൺട്രോൾ റൂമുകൾ സജ്ജമാക്കുന്നതിന് തീരുമാനിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മൂന്നിടങ്ങളിൽ, സ്ഥലങ്ങളിൽ അത്യാഹിത വിഭാഗവും വണ്ടിപ്പെരിയാർ, കുമളി എന്നിവിടങ്ങളിൽ ഒ.പി വിഭാഗത്തിൻ്റെ സേവനവും ഒരുക്കും സീതക്കുളത്ത് ഓക്സിജൻ സപ്ലൈ യൂണിറ്റ് സ്ഥാപിക്കും എന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കരുണാപുരം ,കാഞ്ചിയാർ ,പീരുമേട് ,വണ്ടിപ്പെരിയാർ ,ചക്കുപള്ളം ,ഏലപ്പാറ, കട്ടപ്പന , അയ്യപ്പൻകോവിൽ എന്നിവിടങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ ഉള്ള മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.