സ്വർണ വില കുറയുവാന്‍ കാരണം എന്ത്?
കൊച്ചി: റെക്കോഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വർണ വില ശനിയാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. ഗ്രാമിന് വില 6935 രൂപ. മൂന്ന് ദിവസത്തിനിടെ പവന് രണ്ടായിരം രൂപയിലധികം കുറവ് വന്ന ശേഷം വെള്ളിയാഴ്ച നേരിയ വർധന രേഖപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് വീണ്ടും വിലയിൽ കുറവ് വന്നത്. ഈ മാസം ആദ്യം 59,080 രൂപയിലായിരുന്നു സ്വർണ വില. അറുപതിനായിരം കടക്കുമെന്ന പ്രതീതിയുണർത്തിയ ശേഷം പിന്നീട് കുറയുകയായിരുന്നു. യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിൻറെ വിജയം ഉറപ്പായതിനെത്തുടർന്ന് വിപണിയിലുണ്ടായ മാറ്റങ്ങളുടെ പ്രതിഫലനമാണ് ഇപ്പോഴത്തെ വിലയിടിവിനു കാരണമെന്നാണ് വിലയിരുത്തൽ.
ട്രംപിൻറെ വിജയത്തിന് പിന്നാലെ യു.എസ് ഡോളറിൻറെ മൂല്യം കുതിച്ചുയർന്നിരുന്നു. ഡോളറിൻറെ മൂല്യം കൂടുമ്പോൾ സ്വർണത്തിന് വില കുറയുകയും ഡോളർ ഇടിയുമ്പോൾ സ്വർണം കയറുകയും ചെയ്യുന്നതാണ് ആഗോള വിപണിയിലെ പ്രവണത.