പീഡനക്കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യം സ്ഥിരപ്പെടുത്തി സുപ്രീം കോടതി. കേസിൽ സുപ്രീം കോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം നൽകിയിരുന്നു.
നിലവിൽ ഇത് സ്ഥിരപ്പെടുത്തിയിരിക്കുകയാണ്. പരാതി നൽകിയതിലെ കാലതാമസം കണക്കിലെടുത്താണ് സുപ്രീം കോടതി ജാമ്യം നൽകിയിരിക്കുന്നത്.
രാജ്യം വിടാൻ പാടില്ലെന്നും അതുറപ്പാക്കാനായി പാസ്പോർട്ട് സമർപ്പിക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് ജാമ്യം നൽകിയത്. ഇനി അന്വേഷണത്തിൻറെ ഭാഗമായി സിദ്ദിഖിനെ അറസ്റ്റ് ചെയ്താലും വിചാരണക്കോടതിയുടെ നിർദേശങ്ങൾക്കനുസരിച്ച് ജാമ്യം നൽകേണ്ടി വരും.
ജാമ്യ വ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണസംഘത്തിൻറെ പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ടാണ് കോടതി വിധി. 2016ൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിൽ 2024ൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതി നൽകാനുണ്ടായ കാലതാമസത്തേക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ പരാതി ഉന്നയിച്ച വ്യക്തിക്ക് സാധിച്ചിട്ടില്ല. ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചതിന് ശേഷം രണ്ട് തവണ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ തന്നെ അറസ്റ്റ് ചെയ്യാതിരുന്നതിന് കാരണം തെളിവുകൾ ഇല്ലാത്തതിനാൽ ആണെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചിരുന്നു.