ഡൽഹി വായു ഗുണനിലവാരം 500ൽ എത്തി
ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്നു. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻറ് വെതർ ഫോർകാസ്റ്റിങ് ആൻറ് റിസർച്ച് ഡാറ്റ (System of Air Quality and Weather Forecasting and Research Data) അനുസരിച്ച് 35 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാരം 500 എക്യുഐ (AIQ) ആണ്.
ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ദ്വാരകയിലാണ് (480). തുടർച്ചയായി രണ്ടാം ദിവസവും ഇതേ സ്ഥിതി തുടരുന്നതിനാൽ കാലാവസ്ഥാ വകുപ്പ് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലിനീകരണ തോത് കൂടിയതും സുപ്രീം കോടതിയിൽ നിന്നുണ്ടായ വിമർശനവും കണക്കിലെടുത്ത് ഡൽഹിയിലെ 10, 12 ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകളിലെ പഠനം കഴിഞ്ഞ ദിവസം മുതൽ പൂർണമായും ഓൺലൈൻ ആക്കി മാറ്റിയിരുന്നു.
ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള കോളെജുകളിലും വകുപ്പുകളിലും ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈനാക്കി. ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകളും സമാന തീരുമാനമെടുത്തു. ഗുഡ്ഗാവ്, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് സ്കൂളുകൾ അടച്ച് പഠനം ഓൺലൈനിലേക്ക് മാറിയത്. തിങ്കളാഴ്ച പലയിടങ്ങളിലും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക 700നും മുകളിലായിരുന്നു.
കാഴ്ചാപരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞു. മലിനീകരണം കൂടിയ സാഹചര്യത്തിൽ ഇന്നലെ മുതൽ ഡൽഹിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് - 4 നടപ്പിലാക്കി തുടങ്ങി.
പൊതു സ്വകാര്യ ഓഫീസുകളോട് 50% ശേഷിയിൽ പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവരോട് വർക്ക് ഫ്രം ഹോം ചെയ്യാനാണ് നിർദേശം. ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. പുകമഞ്ഞ് രൂക്ഷമായതിനെത്തുടർന്ന് നിരവധി ട്രെയിനുകളും വിമാനങ്ങളും വൈകുകയും വഴിതിരിച്ചു വിടുകയും ചെയ്തു.
ഇന്ന് (നവംബർ 19) രാവിലെ മാത്രം 22 ട്രെയിനുകളാണ് വൈകിയോടിക്കൊണ്ടിരിക്കുന്നത്. 8 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. വായുമലിനീകരണം നിയന്ത്രിക്കുന്നതിന് സർക്കാർ എന്തുകൊണ്ട് നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ വൈകിയെന്ന് സുപ്രീംകോടതി തിങ്കളാഴ്ച വിമർശിച്ചിരുന്നു.
ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് - 3 നടപ്പിലാക്കാൻ വൈകിയതിനെ വിമർശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ പിൻവലിക്കരുതെന്ന് താക്കീതും നൽകി.