മെറ്റയ്ക്ക് 213.14 കോടി രൂപ പിഴയിട്ട് ഇന്ത്യ
ന്യൂഡൽഹി: വാട്സാപ്പ് പ്രൈവസി പോളിസി സ്വകാര്യതാ നയങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മാതൃകമ്പനിയായ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴയിട്ട് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ(സി.സി.ഐ).
രാജ്യത്തെ അനാരോഗ്യകരമായി വിപണി മത്സരങ്ങൾ നിയന്ത്രിക്കുന്നതാണ് സിസിഐ. വാട്സാപ്പ് 2021 ൻ പ്രൈവസി പോളിസിയിൽ നടത്തിയ മാറ്റമാണ് തിരിച്ചടിയായത്.
പുതിയ പോളിസിയുടെ മറവിൽ മെറ്റ കൃത്രിമത്വം കാട്ടിയതായും വാട്സാപ്പ് വഴി ലഭിക്കുന്ന വ്യക്തിവിവരങ്ങൾ മെറ്റയുടെ മറ്റു കമ്പനികൾക്ക് പരസ്യത്തിനായി പങ്കു വയ്ക്കുന്നുവെന്നുമാണ് സിസിഐ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യൻ സോഷ്യൽ മീഡിയ രംഗത്തെ കുത്തക നില നിർത്താനുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് മെറ്റ പിന്മാറണമെന്നും സി.സി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
2021 നു മുൻപ് വാട്സാപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ മെറ്റയുടെ മറ്റു കമ്പനികൾക്കു നൽകണമോ എന്നത് ഉപയോക്താക്കൾക്ക് തീരുമാനിക്കാമായിരുന്നു. എന്നാൽ 2021 ൽ നടത്തിയ നയ പരിഷ്കരണത്തിലൂടെ സ്വകാര്യവിവരങ്ങൾ പങ്കു വയ്ക്കാൻ അനുമതി നൽകേണ്ടത് നിർബന്ധമാക്കി മാറ്റി.
എന്നാൽ സിസിഐയുടെ പിഴയ്ക്കെതിരേ അപ്പീലിന് ഒരുങ്ങുകയാണ് മെറ്റ. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്രമുഖ സമൂഹമാധ്യമങ്ങളുടെയെല്ലാം മാതൃകമ്പനിയാണ് മെറ്റ.