മിന്നു മണി ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ടീമിൽ
മുംബൈ: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ഏകദിന ടീമിൽ നിന്ന് ഓപ്പണർ ഷഫാലി വർമയെ പുറത്താക്കി. അതേസമയം, പ്ലസ് ടു പരീക്ഷയ്ക്കായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന വിക്കറ്റ് കീപ്പർ റിച്ച ഘോഷ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
കേരളത്തിന്റെ ഓഫ് സ്പിൻ ഓൾറൗണ്ടർ മിന്നു മണിയും ടീമിൽ ഇടം പിടിച്ചു. അതേസമയം, മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും പേസ് ബൗളിങ്ങ് ഓൾറൗണ്ടർ പൂജ വസ്ത്രാകറും ടീമിലില്ല. ഈ വർഷം കളിച്ച ആറ് ഏകദിന മത്സരങ്ങളിൽ 108 റൺസ് മാത്രമാണ് ഷഫാലിയുടെ സമ്പാദ്യം. 18 റൺസ് മാത്രമാണ് ബാറ്റിങ് ശരാശരി.
ഷഫാലിയുടെ അഭാവത്തിൽ സ്മൃതി മന്ഥനയുടെ ഓപ്പണിങ് പങ്കാളിയാകുക യസ്തിക ഭാട്ടിയയോ ടീമിൽ തിരിച്ചെത്തിയ പ്രിയ പൂനിയയോ ആകും. ഡിസംബർ 5, 8, 11 തീയതികളിലാണ് ഏകദിന മത്സരങ്ങൾ.
ബാറ്റിങ്ങ് ഓൾറൗണ്ടർ ഹാർലീൻ ഡിയോൾ, ഫാസ്റ്റ് ബൗളർ ടിറ്റാസ് സാധു എന്നിവരെയും പതിനാറംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധുവും മിന്നുവിനെ പോലെ ഒമ്പത് ട്വന്റി20 മത്സരങ്ങൾ ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും ഏകദിന ക്രിക്കറ്റിൽ ഇനിയും അരങ്ങേറിയിട്ടില്ല.
ടീം ഇന്ത്യ - ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന, പ്രിയ പൂനിയ, ജമീമ റോഡ്രിഗ്സ്, ഹർലീൻ ഡിയോൾ, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), തേജാൽ ഹസാബ്നിസ്, ദീപ്തി ശർമ, മിന്നു മണി, പ്രിയ മിശ്ര, രാധ യാദവ്, ടിറ്റാസ് സാധു, അരുന്ധതി റെഡ്ഡി, രേണുക സിങ് ഠാക്കൂർ, സൈമ ഠാക്കൂർ.