അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും
തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ പന്തുതട്ടാനിറങ്ങുമെന്ന് ഉറപ്പായി. സംസ്ഥാന സ്പോർട്സ് മന്ത്രി വി അബ്ദുറഹിമാൻ ബുധനാഴ്ച ഇത് സംബന്ധിച്ച വിശദാംശങ്ങളും ഔദ്യോഗിക പ്രഖ്യാപനവും നടത്തും. അതേസമയം, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അർജന്റീനയ്ക്ക് ആതിഥ്യമരുളാൻ വിസമ്മതിച്ച പശ്ചാത്തലത്തിൽ അർജന്റീന കേരളത്തിൽ വന്ന് ഏതു ടീമുമായി പന്തു കളിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
സന്ദർശന ഫീസ് ഇനത്തിൽ നൽകേണ്ട വൻ തുകയും സൗകര്യങ്ങളൊരുക്കാൻ വേണ്ടിവരുന്ന ഭീമമായ ചെലവും അടക്കമുള്ള കാരണങ്ങൾ നിരത്തിയാണ് എ.ഐ.എഫ്.എഫ് നേരത്തെ അർജന്റീനയെ ക്ഷണിക്കാൻ വിമുഖത കാണിച്ചത്. കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് അന്ന് തന്നെ സർക്കാർ തലത്തിൽ പ്രഖ്യാപനം നടത്തുകയും, അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.
മന്ത്രി അബ്ദുറഹിമാൻ ഇതിനായി അർജന്റീന സന്ദർശിച്ച് ഫുട്ബോൾ അധികൃതരുമായി ചർച്ചയും നടത്തിയിരുന്നു. അതേസമയം, ലോക ചാംപ്യൻമാരായ അർജന്റീനയെപ്പോലൊരു ടീം ഇന്ത്യൻ ടീമുമായി കളിച്ച് വലിയ മാർജിനിൽ തോൽപ്പിച്ചാൻ ദേശീയ ടീമിന്റെ ആത്മവിശ്വാസം തകരുമെന്ന വിലയിരുത്തലും എ.ഐ.എഫ്.എഫ് നടത്തിയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അർജന്റീന വന്നാൽ, ഗേറ്റ് കലക്ഷനും റ്റി.വി സംപ്രേഷണാവകാശവും പരസ്യ വരുമാനമായി ലഭിക്കുന്ന തുകയും എല്ലാം ചേർത്ത് ചെലവ് വരുതിയിൽ നിർത്താമെന്നാണ് കേരളത്തിന്റെ കണക്കുകൂട്ടൽ. ലോകകപ്പ് സമയത്തും മറ്റും കേരളത്തിൽ നിന്നു ലഭിച്ച വലിയ തോതിലുള്ള പിന്തുണയും ഇവിടേക്കു ടീമിനെ അയയ്ക്കാൻ അർജന്റീനയിലെ ഫുട്ബോൾ അധികൃതരെ പ്രേരിപ്പിച്ച ഘടകമായിട്ടുണ്ട്. കേരളത്തിൽ ഫുട്ബോൾ അക്കാഡമികൾ സ്ഥാപിക്കുന്നതും പരിഗണനയിലാണ്.