പ്രവാസികൾക്ക് നാട്ടിൽ ജോലി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്മെൻ്റ്(NAME) പദ്ധതിയിൽ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യാൻ താത്പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരിച്ചെത്തിയ പ്രവാസി കേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് നെയിം.
നോർക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന പ്രവാസി കേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) പ്രതിവർഷം പരമാവധി 100 തൊഴിൽദിനങ്ങളിലെ ശമ്പള വിഹിതം(വേജ് കോമ്പൻസേഷൻ) ഈ പദ്ധതിവഴി ലഭിക്കും.
സഹകരണ സ്ഥാപനങ്ങൾ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ), എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് (ഇപിഎഫ്), ഉദ്യം, രജിസ്ട്രേഷനുളള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/ എൽ.എൽ.പി കമ്പനികൾ, അംഗീകൃത സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് രജിസ്റ്റർ ചെയ്യാം.
ഓട്ടോമൊബൈൽ, കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ സംരംഭംങ്ങൾക്കാണ് ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ അവസരം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും www.norkaroots.org വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2770523 എന്ന ഫോൺ നമ്പറിൽ(പ്രവ്യത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്) ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. ദിവസവേതനത്തിൻറെ 50 ശതമാനം അല്ലെങ്കിൽ പരമാവധി 400 രൂപ, ഇതിൽ ഏതാണോ കുറവ് അതാണ് ശമ്പളവിഹിതമായി തൊഴിലുടമയ്ക്ക് ലഭിക്കുക.
ഇക്കാര്യത്തിൽ നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി നെയിം പദ്ധതിപ്രകാരം നിയമിക്കാനാകും. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെൻററിൻറെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939(ഇന്ത്യയിൽ നിന്നും) +91-8802 012 345(വിദേശത്ത് നിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.