സാഹിത്യകാരൻ ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരൻ ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു. 100 വയസ്സായിരുന്നു. ഡൽഹിയിലെ സെൻറ് സ്റ്റീഫൻസ് ആശുപത്രിയിലായിരുന്നു അന്ത്യം.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആകാശവാണിയിൽ മലയാളം വാർത്താ വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. 1972ൽ എഴുതിയ പ്രളയമെന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരവും 2010ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.
ആകസ്മികമെന്ന പേരിൽ പുറത്തിറക്കിയ ഓർമക്കുറിപ്പിന് കേന്ദ്ര സാഹിത്യ ആക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ പഠനം പൂർത്തിയാക്കിയതിനു ശേഷം 1951ൽ ആണ് ഡൽഹിയിലെത്തിയത്.
ഡൽഹി ഭാരതീയ വിദ്യാഭവനിൽ കമ്യൂണിക്കേഷൻ മാനേജ്മെൻറ് കോളെജ് പ്രിൻസിപ്പളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതയായ ഡോ. ലീല ഓംചേരിയാണ് ഭാര്യ.