പഠന വൈകല്യം - യാഥാർത്ഥ്യങ്ങളും, വെല്ലുവിളികളും; ഫാ. പോൾ പാറക്കാട്ടേൽ സി.എം.ഐ എഴുതുന്നു
ഫാ. പോൾ പാറക്കാട്ടേൽ(ഡയറക്ടർ, ശാന്തിഗിരി പുനരധിവാസ കേന്ദ്രം, വഴിത്തല, തൊടുപുഴ)
തോമസ് എഡിസൻ അമേരിക്കയിലെ ഓഹിയോയിൽ 1847-ൽ ജനിച്ചു. 8 വയസുള്ളപ്പോൾ എഡിസനെ സ്കൂളിൽ ചേർത്തു. അവൻ പഠനത്തിൽ വളരെ പിന്നിലായിരുന്നു. റവറൻറ് ജി.ബി എങ്കിൻ എന്ന അദ്ധ്യാപകൻ അവനെ "ബുദ്ധി കുഴഞ്ഞു" പോയവൻ എന്ന് വിളിച്ചു. ഇതിൽ രോഷാകുലനായ എഡിസൻ തൻറെ പഠനം ഉപേക്ഷിച്ചു. പിന്നേയും രണ്ട് സ്കൂളിൽ പോയി എങ്കിലും അവിടെയും പഠനം തുടരാനായില്ല. പിന്നീട് അദ്ധ്യാപികയായ അവൻറെ അമ്മ നാൻസി അവനെ വീട്ടിലിരുത്തി പഠിപ്പിച്ചു. ഈ എഡിസൻ ആണ് പിൻകാലത്ത് 1903 യു.എസ് പേറ്റൻറുകൾ സ്വന്തമാക്കിയ ലോകത്തിലെ ഏറ്റവും മികച്ച കണ്ടുപിടുത്തക്കാരനായി മാറിയത്.
എഡിസനെപ്പോലെ പഠനത്തിൽ മോശമായിരുന്ന മഹത് വ്യക്തികൾ ചരിത്രത്തിൽ പലരുണ്ട്. ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റൈൻ, ഊർജ്ജതന്ത്രജ്ഞനും, ജോതിശാസ്ത്രജ്ഞനുമായ ഗലീലിയൊ ഗാലിലൈ, നടൻ ട്രോംക്രൂയിസ്, സിനിമ നിർമ്മാതാവ് സ്റ്റീവൻ സ്പിൽബർഗ്, ഡിസൈനർ ടോമ്മി ഹിൻഫിഗർ, ബോക്സർ മുഹമ്മത് അലി, ബിസിനസ്കാരൻ സ്റ്റീവ് ജോബ്സ് മുതലായവർ സ്കൂളിൽ പഠനത്തിൽ ഏറെപിന്നിലായിരുന്നു. ഇവരെല്ലാവരും പഠനവൈകല്യമുള്ളവരായിരുന്നു. പഠന വൈകല്യം എന്ന സംജ്ഞകൊണ്ട് വിവക്ഷിക്കുന്നത് ഒരു വ്യക്തിയുടെ പാണ്ഡിത്യപൂർണവും, നിർവ്വഹണ്ണപരമായ കഴിവുകളെ ക്ഷയിപ്പിക്കുന്ന ക്രമക്കേടുകളെയാണ്.
സംസാരത്തിലും, വായനയിലും, എഴുത്തിലും, അനുമാനത്തിലും കഴിവ് കുറവാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. പഠന വൈകല്യം ബുദ്ധിയുടെ കുറവിനെ അല്ല സൂചിപ്പിക്കുന്നത്. മറിച്ച് ഗവേഷണങ്ങൾ തെളിയിക്കുന്നത് പോലെ പഠന വൈകല്യമുള്ളവർക്ക് സാധാരണമൊ, അതിലധികമൊ ബുദ്ധിയുള്ളവരാകാം. ഇന്ത്യ പോലുള്ള വികസ്വരരാജ്യങ്ങളിൽ ഇപ്പോഴും ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യപ്പെടുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഇന്ത്യയിൽ സ്കൂൾ കുട്ടികളിൽ 13 -14 ശതമാനം കുട്ടികൾ പഠന വൈകല്യം ഉള്ളവരാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പഠന വൈകല്യത്തിൻറെ ലക്ഷണങ്ങൾ - പഠന വൈകല്യം നാഡീവ്യൂഹത്തിൻറെ ക്രമക്കേടുകളായതുകൊണ്ട് ഒരു വ്യക്തിയുടെ പ്രവർത്തനത്തിൽഅത് വ്യക്തമാകും; പ്രത്യേകിച്ചും കുട്ടിയുടെ പഠനത്തിൽ. സ്കൂളിലെ പഠനത്തിൽ നേരിടുന്ന പ്രശ്നങ്ങളാണ് മാതാപിതാക്കളെ കുട്ടിയുടെ പഠനവൈകല്യത്തെ തിരിച്ചറിയുവാൻ പ്രേരകമാകുന്നത്. വായിക്കുവാനൊ, എഴുതവാനൊ, കണക്ക് കൂട്ടുവാനൊ സംസാരിക്കുവാനൊ കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകാം. ഇവ കുട്ടിയെ ക്ലാസ്സിൽ പിന്നിലാക്കും, കുട്ടി മോശമായ പഠന നിലവാരം പ്രകടമാക്കും.
കാരണങ്ങൾ - 1 മനശാസ്ത്ര ഘടകങ്ങൾ: തലച്ചോറിന് ഉണ്ടാകുന്ന പരിക്കുകൾ, തലച്ചോറിൻറെ പ്രവർത്തനക്ഷമതയില്ലായ്മ, മുഖ്യ നാഡീവ്യൂഹത്തിൻറെ തകരാറുകൾ മുതലായവയാണ് പഠന വൈകല്യത്തിൻറെ പ്രധാന കാരണങ്ങൾ. തലച്ചോറിൻറെ പരിക്കുകൾ പ്രസവത്തിന് മുൻപും, പിൻപും ഉണ്ടാകാവുന്നതാണ്. അത് പാരമ്പര്യമായി ലഭിച്ചതാകാം, മാതാപിതാക്കളുടെ ജീവിതശൈലി മൂലമാകാം, ജീവസന്ധാരണകാരണങ്ങളാകാം, പോഷകക്കുറവാകാം.
2 വികാസ പരിണാമ പ്രശ്നങ്ങൾ: നാഡീവ്യൂഹത്തിൻറെ വളർച്ചയുടെ അഭാവം, പഠന വൈകല്യത്തിന് കാരണമാകാം.
3 വിദ്യാഭ്യാസം: കാലഹരണപ്പെട്ട അദ്ധ്യാപന രീതികൾ, കുട്ടികളും അദ്ധ്യാപകരും തമ്മിലുള്ള അകൽച്ച, ഗുരു ചൈതന്യമില്ലാത്ത അദ്ധ്യാപകർ, കഴിവുകളുടെ കുറവുകൾ - ഇവയൊക്കെ പഠന വൈകല്യത്തിലേക്കും കുട്ടികളെ നയിക്കും.
4 പരിസ്ഥിതി ഘടകങ്ങൾ: പോഷക കുറവ്, ആരോഗ്യക്കുറവ്, സുരക്ഷിതത്വ കുറവ് മുതലായവയും പഠന വൈകല്യത്തിന് കാരണമാകാം. പഠന വൈകല്യ നിർണ്ണയം എഴുതുവാനൊ, വായിക്കുവാനൊ കണക്ക് കൂട്ടുവാനൊ, ഗ്രഹിക്കുവാനൊ ബുദ്ധിമുട്ട് ഉണ്ടാവുകയുംഅത് വഴി പഠനത്തിൽ പിന്നോക്കം നില്ക്കുകയും ചെയ്താൽ ആ കുട്ടിക്ക് പഠന വൈകല്യം ഉണ്ട് എന്ന് സംശയിക്കേണ്ടതുണ്ട്. ആദ്യം ചെയ്യേണ്ടത് ആ കുട്ടിയെ വൈദ്യനിർണയത്തിന് വിധേയനാക്കണം. അത് വഴിയാണ് ആ കുട്ടിക്ക് ഏത് വിധത്തിലുള്ള പുനരധിവാസ പരിപാടിയാണ് നൽകേണ്ടത് എന്ന് തീരുമാനിക്കേണ്ടതും. പഠന വൈകല്യ പരിഹാരങ്ങൾ എല്ലാവർക്കും വിദ്യാഭ്യാസം എന്നുള്ളതാണ് ഭാരതത്തിൻറെ ദേശീയ കാഴ്ചപ്പാട്. പഠന വൈകല്യം ഉള്ള കുട്ടികൾക്ക് പരിഹാര പഠനത്തിൻറെ ഭാഗമായി പ്രത്യേക അദ്ധ്യായനം ആവശ്യമാണ് എന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. പരിഹാര പഠനം സാധാരണ പഠനത്തിൻറെ ഭാഗമായി തന്നെ കാണേണ്ടതാണ്. പഠന വൈകല്യമുള്ള കുട്ടികളെ ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ് അവർക്ക് പരിഹാര പഠന പരിശീലനങ്ങൾ തുടങ്ങണം. കളി ഉപകരണങ്ങൾ ഉപയോഗിച്ച് പരിശീലനം ആരംഭിച്ചാൽ അവരിൽ പഠനത്തിനുള്ള താത്പര്യം വർദ്ധിക്കും.
ശാസ്ത്രീയമായി നിർമ്മിച്ച കളി ഉപകരങ്ങൾ ഇന്ന് ലഭ്യമാണ്. അവ വഴി എഴുതുവാനും, വായിക്കാനും, കണക്ക് കൂട്ടാനും സംസാരിക്കാനും എല്ലാം കുട്ടികളെ പരിശീലിപ്പിക്കാൻ സാധിക്കും. ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത പഠന വൈകല്യ പരിശീലന ഉപകരങ്ങൾ വിദേശ രാജ്യങ്ങളിൽ ലഭ്യമാണ്. ജർമ്മൻകാർ വികസിപ്പിച്ചെടുത്ത പരിശീനല ഉപകരണങ്ങളാണ് വഴിത്തല ശാന്തിഗിരിയിൽ ഉപയോഗിക്കുന്നത്. ഇവ ഉപയോഗിച്ചുള്ള പരിശീലനത്തിലൂടെ പ്രകടമായ പുരോഗതി കുട്ടികളിൽ ഞങ്ങൾ കാണുന്നുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ സേവനം ഉറപ്പുവരുത്തുകയും വേണം.
മാതാപിതാക്കളുടെ ശ്രദ്ധക്ക് - കുട്ടികളുടെ വളർച്ചയുടെ സുപ്രധാന പങ്ക് മാതാപിതാക്കൾക്കാണ്. അദ്ധ്യാപകരോടൊപ്പം മാതാപിതാക്കൾ കുട്ടിയുടെ സമഗ്രമായ വളർച്ച ഉറപ്പു വരുത്തണം. ഭവനത്തിൽ ദിവസവും കുട്ടികളോടൊപ്പം മാതാപിതാക്കൾ കുറെ സമയം ചിലവഴിക്കണം. അവരിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കുകയും അതിൽ അവരെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.കുട്ടിയുടെ കുറവുകളെക്കുറിച്ച് മാതാപിതാക്കൾക്ക് വ്യക്തമായ അവബോധം ഉണ്ടാകണം. അതിനാവശ്യമായ വൈദ്യ പരിശോധനകളും, പഠനവും നടത്തണം. അവരിൽ നിന്നും കുട്ടിക്ക് നല്കേണ്ട പരിശീലനത്തെക്കുറിച്ചും, പഠനത്തെക്കുറിച്ചും, കൃത്യമായി മനസിലാക്കണം. സ്കൂളിലെ അദ്ധ്യാപകരുമായി കുട്ടിയെക്കുറിച്ച് സ്ഥിരമായി ചർച്ച ചെയ്യണം. കുട്ടിയെ സാധാരണ സ്കൂളിൽ വിട്ട് ആണ് പഠിപ്പിക്കേണ്ടത്. സാധാരണ കുട്ടിളോടൊപ്പം പഠന വൈകല്യമുള്ള കുട്ടിയും പഠിച്ച് വളരേണ്ടതിന് ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം അവർക്ക് നല്കണം. അത് വഴി അവരിലെ സർഗ്ഗശക്തിയെ സാധ്യമാകുംവരെ വളർത്തി എടുക്കുവാൻ കഴിയും.
ചില നിർദ്ദേശങ്ങൾ - 1 പഠന വൈകല്യമുള്ളവർക്ക് ജണഉ അരേ ൻറെ ഭാഗമായി കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കേണ്ടതാണ്.
2 പഠന വൈകല്യമുള്ള കുട്ടികളുടെ പരിശീലനത്തെക്കുറിച്ചുള്ള വിഷയങ്ങൾ ആഋറ പോലുള്ള അദ്ധ്യപക പരിശീലനത്തിൻറെ ഭാഗമാകണം.
3 ഇപ്പോഴത്തെ സ്കൂൾ പഠന വിഷയങ്ങൾ പഠന വൈകല്യമുള്ള കുട്ടികൾക്ക് പൂർണ്ണമായും യോജിച്ചതല്ലഎന്നത് കൊണ്ട് അവരെയും മുഖ്യധാരയിൽ എത്തിക്കുവാൻ സാധിക്കുന്ന വിധത്തിലുള്ള വ്യത്യസ്ഥ പഠന രൂപങ്ങൾ വികസിപ്പിച്ചെടുക്കണം.
4 സ്കുളുകളിലെ ഇപ്പോഴത്തെ അദ്ധ്യാപകർക്ക് പഠന വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനാവശ്യമായപ്രത്യേക പരിശീലനങ്ങൾ നല്കണം.
5 പഠന വൈകല്യമുള്ള കുട്ടികളെ ഉൾചേർക്കുവാനുള്ള മനസും മനോഭാവവും അദ്ധ്യാപകരും മറ്റു കുട്ടികളുംവളർത്തിയെടുക്കണം.
6 കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന പ്രത്യേക ആനുകൂല്യങ്ങൾ (ഭാഷാ പഠനം, പരീക്ഷ എഴുതൽ മുതലായവ) നേടി എടുക്കുവാൻ കുട്ടികളുടെ മാതാപിതാക്കന്മാരെ ബോധവാത്മാരാക്കണം.
7 ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം എല്ലാ പഠന വൈകല്യമുള്ള കുട്ടികൾക്കും ലഭ്യമാക്കണം.
8 പഠന വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കന്മാർക്ക് പ്രത്യേക പരിശീലനം നല്കണം.ഉപസംഹാരം"ഞാൻ കുറച്ച് കൂടി മിടുക്കനായിരുന്നു എങ്കിൽ"? പഠന വൈകല്യമുള്ള ഒരു കുട്ടിയുടെ വാക്കുകളാണ്.പക്ഷെ, പഠന വൈകല്യമുള്ള ഒരു കുട്ടി അതിൻറെ പരിമിതകളും, ക്ലേശങ്ങളും, പ്രതിബന്ധങ്ങളുമായി ജീവിച്ചേപറ്റൂ. മാതാപിതാക്കന്മാരും അദ്ധ്യാപകരും, മറ്റുള്ളവരും ഈ കുട്ടിയെ പരമാവധി സഹായിച്ച് സാധാരണ നിലയിലേക്ക് എത്തിക്കുവാനാണ് പരിശ്രമിക്കേണ്ടത്. പക്ഷെ, അതിനും പരിമിതികൾ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം.എങ്കിലും അവരെ പ്രോത്സാഹിപ്പിക്കണം, പ്രശംസിക്കണം, അവരോടൊത്ത് സമയം ചെലവഴിക്കണം, അവരുടെവളർച്ചയിൽ എപ്പോഴും അവരോടൊപ്പം യാത്രചെയ്യണം.അവർക്കും ജീവിത സ്വപ്നങ്ങൾ ഉണ്ട്. അവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നല്കി, ജീവിതത്തിൻറെവിഹായസിൽ ഉയർന്നു പറക്കുവാൻ അവരെ പ്രാപ്തരാക്കണം. വൈകല്യത്തിൻറെ പരിമിതകളെ അതിജീവിച്ച്സമൂഹ ജീവിതത്തിലും വികസനത്തിലും തുല്യപങ്കാളിത്വവും സമത്വവും നേടി എടുക്കുവാൻ അവർക്ക് സാധ്യമാകണം. ഈ മഹത് ദൗത്വത്തിൽ പങ്കുചേരുന്നവർക്ക് അത് ഈശ്വര പൂജയാകട്ടെ.