മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രാജിക്കത്ത് കൈമാറി
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഗവർണർ സി.പി രാധാകൃഷ്ണന് രാജിക്കത്ത് കൈമാറി. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള നടപടിക്രമം എന്ന നിലയിൽ ഷിൻഡെ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്.
ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവർക്കൊപ്പം രാജ്ഭവനിൽ നേരിട്ടെത്തിയാണ് ഷിൻഡെ ഗവർണറെ കണ്ടത്. പുതിയ സർക്കാർ അധികാരമേൽക്കുന്നതു വരെ ഷിൻഡെ കെയർ ടേക്കർ മുഖ്യമന്ത്രിയായി തുടരും.
തൻറെ ഭരണകാലത്ത് തന്നെ പിൻന്തുണച്ച പാർട്ടിയോടും മാഹരാട്രയിലെ ജനങ്ങളോടും നന്ദി രേഖപ്പെടുത്തുന്നതായി ഷിൻഡെ അറിയിച്ചു. സംസ്ഥാനത്തെ സേവിക്കാൻ ഞാൻ എന്റെ കഴിവിൻറെ പരമാവധി ചെയ്തിട്ടുണ്ട്.
ഇപ്പോൾ ഒരു പുതിയ മുഖത്തിന് മഹാരാഷ്ട്രയെ മുന്നോട്ട് നയിക്കാനുള്ള സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. 2022 ജൂണിലാണ് ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. അതേസമയം മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി ആകണമെന്നാണ് ആർഎസ്എസ്, എൻസിപി നേതാവ് അജിത് പവാർ പക്ഷത്തിൻറെ എന്നിവരുടെ നിലപാട്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്ത് ഏക്നാഥ് ഷിൻഡെ തന്നെ തുടരണമെന്നതാണ് ശിവസേന ഷിൻഡെ പക്ഷത്തിൻറെ ആവശ്യം.
ഔദ്യോഗിക പ്രതിപക്ഷം പോലും ഇല്ലാത്ത രീതിയിൽ വൻ ഭൂരിപക്ഷം നേടിയാണ് മഹാരാഷ്ട്രയിൽ ഭരണ മുന്നണി അധികാരം നിലനിർത്തിയിരിക്കുന്നത്. 2014 - 2019ൽ മുഖ്യമന്ത്രിയായിരുന്ന ഫഡ്നാവിസ്, ശിവസേനയെ പിളർത്തിയെത്തിയ ഏക്നാഥ് ഷിൻഡെയ്ക്ക് കീഴിൽ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കുകയായിരുന്നു.
ഇതേ ശൈലിയിൽ ഫഡ്നാവിസിനു കീഴിൽ ഷിൻഡെയും ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിക്കണമെന്ന നിർദേശം ബിജെപി നേതൃത്വം മുന്നോട്ടുവച്ചതായാണ് അറിയുന്നത്.
എൻസിപിയിൽ നിന്ന് അജിത് പവാർ ഉപമുഖ്യമന്ത്രിയാകും. ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ മകളുടെ വിവാഹ സത്കാരത്തിൽ പങ്കെടുക്കാൻ ഫഡ്നാവിസും ഷിൻഡെയും അജിത് പവാറും ഡൽഹിയിലെത്തിയിട്ടുണ്ട്.
ഇവരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ നടത്തുന്ന ചർച്ചയിൽ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണു കരുതുന്നത്.
ശിവസേനയ്ക്ക് പ്രധാന വകുപ്പുകളടക്കം 12 മന്ത്രിസ്ഥാനങ്ങൾ നൽകാനും ഏകദേശ ധാരണയായി. എൻസിപിക്ക് 10 മന്ത്രിസ്ഥാനങ്ങൾ ലഭിക്കും. മുഖ്യമന്ത്രിയുൾപ്പെടെ 21 മന്ത്രിമാരാകും ബിജെപിക്കുണ്ടാകുക.
43 അംഗങ്ങളാണ് മഹാരാഷ്ട്ര മന്ത്രിസഭയുടെ പരിധി. കഴിഞ്ഞ സർക്കാരിൽ ബിജെപി കൈവശം വച്ചിരുന്ന ആഭ്യന്തരം, ധനം, നഗരവികസനം, റവന്യൂ എന്നീ വകുപ്പുകളിൽ ഇത്തവണ വിട്ടുവീഴ്ചയുണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്.