സംസ്ഥാനത്ത് ബി.ജെ.പിയിലെ പോര്; കേന്ദ്ര നേതൃത്വം ഇടപെട്ടു
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബി.ജെ.പിയിലുണ്ടായ പോരിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം. പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും.
പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് ബി.ജെ.പി സ്ഥാനാർഥി സി കൃഷ്ണകുമാർ പരാജയപ്പെട്ടതിനെ തുടർന്ന് നഗരസഭ വാർഡുകളിൽ വോട്ട് കുറഞ്ഞുവെന്ന് ആരോപിച്ച് പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീളയും ബി.ജെ.പി നേതാവ് എൻ ശിവരാജനും കെ സുരേന്ദ്രനെതിരെ പരസ്യമായി വിമർശനം നടത്തി രംഗത്തെത്തിയിരുന്നു.
പാർട്ടിയെ വിമർശിച്ച ഇവർക്കെതിരെ നടപടിയെടുത്താൽ പാലക്കാട്ടെ കൗൺസിലർമാർ പാർട്ടി വിടുമോയെന്ന ആശങ്കയും ഇതോടൊപ്പം നിലനിൽക്കുന്നുണ്ട്.
ഇവരെ കൂടാതെ മറ്റ് ബി.ജെ.പി നേതാക്കളും സുരേന്ദ്രനെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വം ഇടപെട്ട് സംസ്ഥാന നേതാക്കളുമായി ചർച്ചയ്ക്ക് ഒരുങ്ങുന്നത്.