പ്രിയങ്ക ഗാന്ധി കേരളീയ വേഷത്തിൽ വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: ലോക്സഭയിൽ കേരളീയ വേഷത്തിൽ എത്തി പ്രിയങ്ക ഗാന്ധി വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയിൽ ഉയർത്തിപിടിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്.
പ്രിയങ്കയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് എം.പി രവീന്ദ്ര വസന്ത്റാവു ചവാനും സത്യപ്രതിജ്ഞ ചെയ്തു. വലിയ കയ്യടികളോടെയാണ് പ്രിയങ്കയെ കോൺഗ്രസ് എം.പിമാർ പാർലമെൻറിൽ സ്വഗതം ചെയ്തത്. പ്രിയങ്ക കൂടിയെത്തിയതോടെ നെഹ്റു കുടുംബത്തിൽ നിന്നുള്ള മൂന്ന് പേർ പാർലമെൻറിൽ സാന്നിധ്യമാകുകയാണ്.
സഹോദരൻ രാഹുൽ ഗാന്ധി ലോക്സഭാംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി കൂടി പാർലമെൻറിൽ എത്തുന്നത് കോൺഗ്രസിനു കരുത്താകുമെന്നാണ് വിലയിരുത്തൽ. സത്യപ്രതിജ്ഞയ്ക്ക് ശേഷം ലോക്സഭയിൽ പ്രിയങ്ക ഗാന്ധി ആദ്യമുന്നയിക്കുക വയനാട് ഉരുൾപൊട്ടൽ വിഷയമായിരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചിരുന്നു.
വയനാട് ദുരന്തനിവാരണ പാക്കേജ് വൈകുന്നത് പ്രിയങ്ക ലോക്സഭയിലെ തൻറെ കന്നി പ്രസംഗത്തിൽ ചോദ്യം ചെയ്യുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ശനിയാഴ്ച പ്രിയങ്ക ഗാന്ധി രണ്ട് ദിവസം സന്ദർശനത്തിനായി വയനാട്ടിലെത്തും. പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതിൻറെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദർശനമെന്നാണ് വിവരം.