ബന്ധം വഷളാകുമ്പോൾ ബലാത്സംഗം ആരോപിക്കുന്ന പ്രവണത വർധിക്കുന്നുവെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: വിവേഹാതര ബന്ധത്തിൽ പരസ്പരസമ്മതത്തോടെ നടത്തിയ ശാരീരിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി.
വർഷങ്ങളോളം തുടർന്ന ബന്ധം വഷളായ ശേഷം ബലാത്സംഗം ആരോപിച്ച് നിയമ നടപടി സ്വീകരിക്കുന്ന പ്രവണത വർധിച്ചുവരുകയാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന ആരോപണം ഇത്തരം കേസുകളിൽ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഏഴ് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കുകയും ചെയ്തു.
മുംബൈയിലെ ഖാർഘർ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. ഭർത്താവ് മരിച്ച സ്ത്രീ നൽകിയ പരാതിയിൽ വിവാഹിതനായ പുരുഷനായിരുന്നു പ്രതി.
വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നു പരാതിയുണ്ടെങ്കിൽ കാലതാമസമില്ലാതെ പരാതി നൽകണമെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും എൻ. കോടീശ്വർ സിങ്ങും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
2008ൽ ആരംഭിച്ച ബന്ധത്തിൻറെ പേരിലാണ് 2017ൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പരാതിക്കാരി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് പ്രതിയുടെ ഭാര്യ നേരത്തെ തന്നെ പരാതി നൽകിയിരുന്നു. ഇതിനു ശേഷമാണ് ബലാത്സംഗ കേസ് വരുന്നത്. കുറ്റാരോപിതനുമായി പരാതിക്കാരി ഇത്രയും വർഷം ശാരീരികബന്ധം തുടർന്നത് വിവാഹ വാഗ്ദാനം മാത്രം വിശ്വസിച്ചാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും പരമോന്നത കോടതിയുടെ നിരീക്ഷണം.