കരുനാഗപ്പള്ളിയിലെ സി.പി.എം വിഭാഗീയതയിൽ സംസ്ഥാന നേതൃത്വം ഇടപ്പെടുന്നു
കൊല്ലം: കരുനാഗപ്പള്ളിയിലെ സി.പി.എം വിഭാഗീയതയിൽ സംസ്ഥാന നേതൃത്വം ഇടപ്പെടുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ശനിയാഴ്ച ജില്ലയിലെത്തും. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മറ്റിയും യോഗം ചേരും.
വിമതരുമായി ചർച്ച നടത്താനും സാധ്യതയുണ്ട്. കരുനാഗപ്പള്ളിയിൽ കുലശേഖരപുരം ലോക്കൽ സമ്മേളനത്തിലുണ്ടായ സംഘർഷത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് നേരത്തെ വാർത്താ സമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.
തെറ്റായ പ്രവണതകൾ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്നും സംഘടനാ തലത്തിൽ തന്നെ നടപടി ഉറപ്പാക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സി.പി.എം കുലശേഖരപുരം ലോക്കൽ സമ്മേളനത്തിൽ സംഘർഷമുണ്ടായതിന് പിന്നാലെയാണ് കരുനാഗപ്പള്ളിയിൽ വിമതരുടെ പ്രതിഷേധ പ്രകടനം നടന്നത്.
തൊടിയൂർ, ആലപ്പാട്, കുലശേഖരപുരം സൗത്ത് ഉൾപ്പടെ അഞ്ച് ലോക്കൽ കമ്മിറ്റിയിൽ നിന്നുമുള്ള പ്രവർത്തകരാണ് പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്.
സമ്മേളനത്തിൽ നേതൃ പാനൽ അവതരിപ്പിച്ചതിലുണ്ടായ എതിർപ്പ് പ്രതിഷേധത്തിലേക്ക് നയിക്കുകയായിരുന്നു. പി ഉണ്ണി മാറി എച്ച്.എ സലാം വന്നത് ഗോവിന്ദചാമിക്ക് പകരം അമീറുൽ ഇസ്ലാം വന്നതിന് തുല്യമാണെന്ന പ്ലക്കാർഡുകളുമേന്തിയാണ് വിമതർ രംഗത്തെത്തിയത്.
അഴിമതിക്കാരായ പ്രവർത്തകരെ പാർട്ടിയുടെ നേതൃത്വത്തിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കരുനാഗപ്പള്ളിയിലെ നേതാക്കൾക്കെതിരേ പരസ്യ പ്രതിഷേധവുമായി ഒരു വിഭാഗം പാർട്ടി അംഗങ്ങൾ രംഗത്തെത്തിയത്. പണവും ബാറുമുള്ളവരാണ് പാർട്ടിയെ നിയന്ത്രിക്കുന്നതെന്നും ഏകപക്ഷീയ തിരുമാനമാണിതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.