റിലീസ് ചെയ്ത് മൂന്ന് ദിവസത്തേക്ക് റിവ്യൂ പാടില്ല: തമിഴ് സിനിമാ നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിലേക്ക്
ചെന്നൈ: സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം റിവ്യൂ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ് സിനിമാ നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിലേക്ക്. യൂട്യൂബിലൂടെയുള്ള സിനിമാ റിവ്യൂ നിരോധിക്കണമെന്ന് തിയറ്റർ ഉടമസ്ഥർ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നിർമാതാക്കളും ഇതേ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ(ടിഎഫ്എപിഎ) ആണ് മദ്രാസ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരിക്കുന്നത്. സിനിമ റിലീസ് ചെയ്ത് മൂന്നു ദിവസം യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയുള്ള സിനിമാ റിവ്യു കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരോധിക്കണമെന്നും, ഹൈക്കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നുമാണ്അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അഭിഭാഷകനായ വിജയൻ സുബ്രഹ്മണ്യനാണ് ഹർജിക്കാർക്കു വേണ്ടി ഹാജരാകുക. ഓൺലൈനിലൂടെയുള്ള സിനിമാ റിവ്യൂവിന് മാർഗ നിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യൂട്യൂബർമാരെ തിയറ്ററിൽ പ്രവേശിപ്പിക്കരുതെന്ന നിർമാതാക്കളുടെ പ്രസ്താവന അടുത്തിടെ വിവാദമായി മാറിയിരുന്നു.
സിനിമാ റിവ്യൂ എന്നതിൽ അപ്പുറം വ്യക്തിപരമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. ഏതെങ്കിലും സിനിമയോടോ താരത്തോടോ ഉള്ള വൈരാഗ്യമാണ് റിവ്യൂ വഴി തീർക്കുന്നത്. ആരും ഈ സിനിമ കാണരുതെന്നാണ് പല റിവ്യൂവിലും പറയുന്നത്.
അത് സിനിമാ റിവ്യൂ ആയി കണക്കാക്കാൻ കഴിയില്ല. അതിനെതിരേ മൗനമായിരിക്കാൻ സാധ്യമല്ല. അതിനാലാണ് നിയമപരമായി മുന്നോട്ടു പോകുന്നതെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി റ്റി ശിവ പറയുന്നു.
സൂര്യയുടെ കങ്കുവ എന്ന സിനിമയ്ക്കെതിരേ സമൂഹമാധ്യമങ്ങളിൽ കടുത്ത ആക്രമണമുണ്ടായ സാഹചര്യത്തിലാണ് അസോസിയേഷൻറെ നീക്കമെന്നതും ശ്രദ്ധേയമാണ്. കമൽ ഹാസൻ ചിത്രമായ ഇന്ത്യൻ 2, രജനികാന്തിൻറെ വേട്ടയാൻ, സൂര്യയുടെ കങ്കുവ എന്നിവയെല്ലാം മോശം റിവ്യൂ കൊണ്ട് മാത്രം തകർന്ന സിനിമകളാണെന്നും ഹർജിയിലുണ്ട്.