പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്; എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ, യു.ആർ. പ്രദീപ് എന്നിവർ ഇന്ന് എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്യും.
നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ. സ്പീക്കർ എ.എൻ. ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും. പാലക്കാട് എം.എൽ.എ ആയിരുന്ന ഷാഫി പറമ്പിൽ വടകര ലോക്സഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച ലോക്സഭയിലെത്തിയ ഒഴിവിലാണ് രാഹുൽ മാങ്കൂട്ടത്തിൽ അവിടെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്.
രാഹുൽ ഇതാദ്യമായാണ് നിയമസഭയിലെത്തുന്നത്. പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന 18,724 എന്ന ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ കന്നിയങ്കത്തിൽ വിജയിച്ചത്. ചേലക്കര എം.എൽ.എയും മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് വിജയിച്ച് ലോക്സഭയിലെത്തിയ ഒഴിവിലാണ് യു.ആർ പ്രദീപ് അവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത്.
ഇത് രണ്ടാം തവണയാണ് പ്രദീപ് നിയമസഭാംഗമാകുന്നത്. 2016ൽ ചേലക്കരയിൽ നിന്ന് കന്നിയങ്കത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പ്രദീപ് വിജയിച്ചിരുന്നു. ഇപ്പോൾ 12,220 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചേലക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പരാജയപ്പെടുത്തി പ്രദീപ് വിജയിച്ചത്.