മധു മുല്ലശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബി.ജെ.പി അംഗത്വം സ്വീകരിച്ചു
തിരുവനന്തപുരം: സി.പി.എം വിട്ട മധു മുല്ലശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബി.ജെ.പി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് അംഗത്വം നൽകിയത്.
പിന്നാലെ സി.പി.എമ്മിൽ നിന്നും ബി.ജെ.പിയിലെത്തിയ ബിപിൻ സി ബാബുവിനെതിരേ ഗാർഹിക പീഡനത്തിന് കേസെടുത്തതിൽ കെ സുരേന്ദ്രൻ രൂക്ഷമായി പ്രതികരിച്ചു. ഗാർഹിക പീഡനമാണെങ്കിൽ ആദ്യം പുറത്താക്കേണ്ടത് രണ്ട് മന്ത്രിമാരെയാണ്.
ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കെതിരെയുണ്ടായ അതിക്രമം ഒരാഴ്ച മൂടിവച്ചുവെന്നും സുരേന്ദ്രന് പറഞ്ഞു. ബി.ജെ.പിയിലെത്തുന്നവരെ പാർട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കേരളത്തിൽ അസ്തമിക്കാൻ പോവുകയാണ്.
പിണറായി വിജയന്റെ കാലത്ത് തന്നെ ഉദകക്രിയ നടക്കും. പല ജീലകളിൽ നിന്നായി സി.പി.എം നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മംഗലപുരം ഏരിയയിലെ സഹകരണ മേഖലയെ കുറിച്ച് പലതും വെളിപ്പെടുത്താനുണ്ടെന്ന് മധു മുല്ലശേരിയും പ്രതികരിച്ചു. ജില്ലാ സെക്രട്ടറി ജോയിയുടെ സാമ്പത്തിക സ്ത്രോതസിനെ കൂറിച്ചും പറയാനുണ്ടെന്നും എല്ലാം പിന്നാലെ വെളിപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.