ഡോക്ടറും രോഗിയുമായി കുട്ടികൾ; രാജസ്ഥാനിൽ പത്ത് വയസുകാരൻ നൽകിയ മരുന്ന് കുടിച്ച് നാല് കുട്ടികൾ ആശുപത്രിയിൽ
രാജസ്ഥാൻ: പത്ത് വയസുകാരനായ ഡോക്റ്റർ നൽകിയ മരുന്ന് കുടിച്ച് നാല് കുട്ടികൾ ആശുപത്രിയിൽ. ഖജൂരി ഗ്രാമത്തിൽ ഡോക്റ്ററും രോഗിയും കളിക്കിടെയാണ് പത്ത് വയസുകാരൻ മരുന്നായി നൽകിയ കീടനാശിനി കുടിച്ച നാല് കുട്ടികൾ ആശുപത്രിയിലായത്.
പരുത്തിച്ചെടികൾക്കടിക്കുന്ന കീടനാശിനിയാണ് കുട്ടി മറ്റുള്ള കുട്ടികൾക്ക് നൽകിയത്. സഞ്ജ(3), മനിഷ(2) റാണു(3) മായ(5) എന്നീ പെൺകുട്ടികളാണ് കീടനാശിനി കുടിച്ചതിന് പിന്നാലെ ഛർദിക്കാൻ തുടങ്ങിയത്.
അപകടം തിരിച്ചറിഞ്ഞ മാതാപിതാക്കൾ ഉടൻ തന്നെ ദാൻപുറിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സയ്ക്ക് പിന്നാലെ കുട്ടികളെ ബൻവാരയിലെ മഹാത്മഗാന്ധി ആശുപത്രിയിലേക്കും മാറ്റി. കുട്ടികൾ നാലുപേരും അപകടനില തരണം ചെയ്തതായി ഡോക്റ്റർമാർ അറിയിച്ചു.
അയൽവാസികളാണ് കുട്ടികളെല്ലാവരും. അപകടമാണെന്നറിയാതെയാണ് 'രോഗികൾക്ക്' താൻ സിറപ്പ് പോലെയുള്ള 'മരുന്ന്' നൽകിയതെന്നായിരുന്നു 'ഡോക്ടറായ' പത്തുവയസുകാരൻറെ മൊഴി. കീടനാശിനിയാണെന്നറിയാതെയാവാം കുട്ടികൾ ഇത് കുടിച്ചതെന്ന് വീട്ടുകാരും പറയുന്നു. കളിക്കിടെയുണ്ടായ അബദ്ധമാണെന്നും ആസൂത്രിതമായ നടപടിയല്ലെന്നും ദുരൂഹതകളില്ലെന്നും പ്രാഥമിക അന്വേഷണത്തിന് പിന്നാലെ ബൻവാര ഡിഎസ്എപി ഗോപിചന്ദ് മീണയും അറിയിച്ചു.