ലഖ്നൗവിൽ പ്രസവ ശേഷം വാർഡിലേക്ക് മാറ്റുന്നതിനിടെ ലിഫ്റ്റ് തകർന്നുവീണ് യുവതി മരിച്ചു
ലഖ്നൗ: ആശുപത്രിയിൽ ലിഫ്റ്റ് തകർന്നു വീണ് യുവതിക്ക് ദാരുണാന്ത്യം. പ്രസവശേഷം യുവതിയെ താഴത്തെ നിലയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ രണ്ട് ആശുപത്രി ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്. ഉത്തർപ്രദേശിലെ ലോഹ്യ നഗറിലുള്ള ക്യാപിറ്റൽ ഹോസ്പിറ്റലിലാണ് സംഭവം. കരിഷ്മയെന്ന യുവതിയെ പ്രസവ ശേഷം താഴത്തെ നിലയിലെ വാർഡിലേക്ക് മാറ്റുന്നതിനിടെയായിരുന്നു ദാരുണമായ അപകടം.
ലിഫ്റ്റിൽ 2 ആശുപത്രി ജീവനക്കാരും യുവതിക്കൊപ്പമുണ്ടായിരുന്നു. ലിഫ്റ്റ് താഴേയ്ക്ക് പോകുന്നതിനിടെ അതിൻറെ കേബിൾ പൊട്ടിയാണ് അപകടമുണ്ടായത്. കരിഷ്മയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതാണ് മരണകാരണം. സംഭവം നടന്ന ഉടൻ ആശുപത്രി ജീവനക്കാർ ഓടി രക്ഷപ്പെട്ടതായി യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
യുവതിയുടെ ബന്ധുക്കൾ ആശുപത്രിയിൽ ബഹളം ഉണ്ടാക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തു. ബഹളത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 13 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
യുവതിയുടെ കുട്ടി സുരക്ഷിതനാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേക്ഷണം ആരംഭിച്ച പൊലീസ് ലിഫ്റ്റിൻറെ സാങ്കേതിക തകരാറുകൾ പരിശോധിച്ച് വരികയാണെന്ന് അറിയിച്ചു. പിഴവ് കണ്ടെത്തിയാൽ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് സിറ്റി മജിസ്ട്രേറ്റ് അനിൽ കുമാർ വ്യക്തമാക്കി.