ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകാൻ ഉദ്ദേശമില്ലെന്ന് വി മുരളീധരൻ
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനാകാൻ ഉദ്ദേശമില്ലെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. നിലവിൽ പാർട്ടി നൽകിയിരിക്കുന്ന ചുമതലകൾ നിർവഹിക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യാനായി കോർകമ്മിറ്റി യോഗത്തിന് എത്തിയതിനിടെയായിരുന്നു പ്രതികരണം. സംസ്ഥാന പ്രസിഡന്റാവാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ഒറ്റതവണ സംസ്ഥാന പ്രസിഡന്റായി. ആറ് വർഷമായി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാണ്. നിലവിൽ പാർട്ടി മറ്റ് ചുമതലകൾ നൽകിയിട്ടുണ്ട്. അത് നിർവഹിക്കുന്നുണ്ട്. വി. മുരളീധരൻ പറഞ്ഞു.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയവ തിങ്കളാഴ്ച നടക്കുന്ന കോർ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം കോർകമ്മിറ്റി യോഗത്തിലേക്ക് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. സാധാരണ മാധ്യമങ്ങൾക്ക് യോഗം തുടങ്ങുന്നതിന് മുമ്പ് ദൃശ്യങ്ങൾ ചിത്രീകരിക്കാൻ അനുമതി നൽകാറുണ്ടായിരുന്നു. ഹോട്ടൽ ട്രാവൻകൂർ കോർട്ടിൽ നടക്കുന്ന യോഗത്തിൽ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും പങ്കെടുക്കും.