പി.ആർ സലീംകുമാർ അടിമാലി സഹകരണ ബാങ്ക് പ്രസിഡൻ്റ്
അടിമാലി: അടിമാലി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കോൺഗ്രസിലെ പി.ആർ സലീംകുമാർ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ കാലഘട്ടം മുതൽ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ സജ്ജീവമായ സലീംകുമാറിന് അർഹമായ സ്ഥാനമാണ് ലഭിച്ചത്. 1983ൽ അടിമാലി എസ്.എൻ.ഡി.പി ഹൈസ്കൂളിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡൻ്റായാണ് തുടക്കം. 1986ൽ കെ.എസ്.യു ജില്ലാ എക്സിക്ക്യൂട്ടീവ് അംഗം, 1992ൽ ദേവികുളം ബ്ലോക്ക് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്, 2000ൽ ഡി.സി.സി മെമ്പർ, ഇപ്പോൾ ഡി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
അഞ്ച് വർഷക്കാലം ബ്ലോക്ക് പഞ്ചായത്ത മെമ്പറായി പ്രവർത്തിച്ച കാലഘട്ടത്തിൽ സർക്കാരിൽ നിന്നും റ്റി.എ, ഡി.എ വാങ്ങാതെ പൊതുപ്രവർത്തനം നടത്തിയ വ്യക്തിയാണ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന കാലഘട്ടത്തിൽ എല്ലാ വർഷവും ഡിവിഷനിൽ നിന്നും മികച്ച വിജയം നേടിയ എസ്.എസ്.എൽ.സി , പ്ലസ് റ്റൂ വിദ്യാർത്ഥികൾക്ക് ട്രോഫിയും ഉപഹാരങ്ങളും നൽകി പ്രോത്സാഹനം നൽകിയിരുന്നു. നാല് വർഷവും വിദ്യാഭ്യാസ അവാർഡ് വിതരണം അന്നത്തെ എം.പി പി.റ്റി തോമസാണ് ഉദ്ഘാടനം ചെയ്തത്. അങ്കൺവാടികളിൽ കലാ കായിക മത്സരങ്ങളും ഫല വൃക്ഷ തൈ നടീലും നടത്തിയിരുന്നു. ജില്ലയിലെ ഐ.സി.ഡി.എസ് നേതൃത്വത്തിൽ ബ്ലോക്കിൽ അങ്കണവാടിയിൽ മധുരം മണിമുറ്റം പരിപാടിക്ക് ജില്ലാതല അവാർഡും ലഭിച്ചിരുന്നു.
1994 മുതൽ അടിമാലി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറായി പ്രവർത്തിക്കുന്നു. 2009ൽ ദേവികുളം സർക്കിൾ സഹകരണ യൂണിയൻ ബോർഡ് മെമ്പർ, ദേവികുളം ഹൗസിങ്ങ് സഹകരണ സംഘം ഡയറക്ടർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2002 മുതൽ അടിമാലി മിൽക്ക് സൊസൈറ്റി പ്രസിഡൻ്റായും പ്രവർത്തിക്കുന്നു. തുടക്കം മുതൽ ഇന്നേ വരെ ഓണറേറിയം, സിറ്റിങ്ങ് ഫീസ്, റ്റി.എ, ഡി.എ വാങ്ങിയിട്ടില്ല. 2010 മുതൽ കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസ്സിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്, 2021ൽ ജില്ലാ പ്രസിഡൻ്റ്, 2022 മുതൽ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്നു. അടിമാലി മിൽക്ക് സസൈറ്റിയുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.