ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ, മാവോയിസ്റ്റിനെ വധിച്ചു
റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന മാവോയിസ്റ്റിനെ വധിച്ചു. രണ്ട് ജവാൻമാർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ഉടനെ ആശുപത്രിയിലെത്തിച്ചു.
ഗാംഗ്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മുംഗ ഗ്രാമത്തിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്(ഡി.ആർ.ജി) സംഘം പ്രദേശത്തെത്തിയത്. ഡി.ആർ.ജി സംഘം പ്രദേശം വളയാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഈ മേഖലയിൽ കൂടുതൽ മാവോയിസ്റ്റുകളുണ്ടെന്നാണ് നിഗമനം. എം.എം പിസ്റ്റൾ, ഐ.ഇ.ഡി, ഐ.ഇ.ഡികൾ പ്രവർത്തനക്ഷമമാക്കാൻ ഉപയോഗിക്കുന്ന ആറ് റിമോട്ട് സ്വിച്ചുകൾ, മാവോയിസ്റ്റുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കൾ എന്നിവ പ്രദേശത്ത് നിന്ന് കണ്ടെടുത്തു.