സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം, തമിഴ്നാട്ടിൽ ഏഴ് പേർ മരിച്ചു
ദിണ്ടിഗൽ: തിരുച്ചിറപ്പള്ളി റോഡിൽ എൻ.ജി.ഒ കോളനിക്ക് സമീപത്തെ അസ്ഥിരോഗ ആശുപത്രിയിൽ വൻ തീപിടിത്തം. ഏഴ് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് വയസ്സുള്ള കുട്ടിയും മൂന്ന് സ്ത്രീകളുമുണ്ട്.
ഇരുപതിലധികം പേർക്ക് പരുക്കേറ്റതായി കരുതുന്നു. പരുക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. നാല് നിലകളിലായുള്ള ആശുപത്രിയുടെ മുകളിലെ നിലയിൽ തീപടരുന്നത് കണ്ട് രക്ഷപ്പെടാനായി ലിഫ്റ്റിൽ കയറി കുടുങ്ങിയ ഏഴ് പേരാണ് മരിച്ചത്.
ആശുപത്രിയിലെ ഓഫിസ് മുറിയിലെ കംപ്യൂട്ടറിൽ നിന്ന് പടർന്ന തീ പിന്നീട് എല്ലാ മുറികളിലേക്കും വ്യാപിച്ചു. പുക ശ്വസിച്ച് നിരവധി പേർ കുഴഞ്ഞു വീണു. പൊലീസും അഗ്നി രക്ഷാ സേനയും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
എല്ലുകൾ ഒടിഞ്ഞും അസ്ഥി രോഗത്തിനും മറ്റും ചികിത്സയിലുണ്ടായിരുന്ന 32 പേരെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി വൈകിയും രക്ഷാ പ്രവർത്തനം തുടർന്നിരുന്നു.