ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതിയാണെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഭരണഘടനാ ചർച്ചയിൽ സവർക്കറെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയിൽ ഇന്ത്യയുടെതായി ഒന്നുമില്ലെന്നാണ് സവർക്കാർ പറഞ്ഞതെന്നും ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഭരണഘടനയുടെ ചെറുപതിപ്പ് കയ്യിലേന്തിയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. ഗാന്ധിയുടെയും, അംബേദ്കറിൻറെയും, നെഹ്റുവിൻറെയും ആശയങ്ങളാണ് ഭരണഘടനയിലുള്ളതെന്നും ഭരണഘടനയ്ക്കൊപ്പം നീതി നിഷേധവും ചർച്ച ചെയ്യപ്പെടണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ പിന്നിലേക്ക് കൊണ്ടുപോകാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കുമെന്നും ഭരണഘടന ഇന്ത്യയുടെ നവീന രേഖയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ഭരണഘടന ചർച്ചയിൽ ഏകലവ്യൻറെ കഥയും രാഹുൽ പരാമർശിച്ചു. ഇന്ത്യയുടെ യുവാക്കളുടെ സ്ഥിതി ഏകലവ്യൻറെ വിരൽ മുറിച്ചത് പോലെയാണെന്ന് രാഹുൽ പറഞ്ഞു. പരിഹാസവുമായി ബി.ജെ.പി രാഹുലിൻറെ പ്രസംഗം തടസപെടുത്താൻ ശ്രമിച്ചതിനെതിരേ ചോദ്യം ചെയ്ത് കെ.സി. വേണുഗോപാലും പ്രതികരിച്ചു.